Editorial

അധികാരത്തിന്റെ അഹന്തകള്‍



ജനവാസമേഖലയിലൂടെ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കൊണ്ടുപോകുന്നതിനെതിരേ ജനകീയ സമരം നടക്കുന്ന എരഞ്ഞിമാവില്‍ കഴിഞ്ഞ ദിവസം നടന്നത് പോലിസിന്റെ നരനായാട്ടാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ പോലിസ് സഹായത്തോടെ പ്രവൃത്തി ആരംഭിക്കാന്‍ ഗെയില്‍ അധികൃതര്‍ നടത്തിയ ശ്രമം ജനങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തിനിടയില്‍ സമരത്തില്‍ ഏര്‍പ്പെട്ട നാട്ടുകാര്‍ക്കെതിരേ പോലിസ് കിരാതമായ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമരക്കാരുടെ വാഹനങ്ങള്‍ പോലിസ് അടിച്ചുതകര്‍ത്തു. സമീപത്തെ വീടുകളിലും പോലിസ് കയറി അതിക്രമം കാണിച്ചതായി പരാതിയുണ്ട്. സമരത്തില്‍ പങ്കെടുത്ത അമ്പതോളം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വാലില്ലാപ്പുഴയിലും അനിഷ്ടസംഭവങ്ങളുണ്ടായി. കുട്ടികളടക്കം അറസ്റ്റിലായവരെ വാഹനത്തിലിട്ട് പോലിസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഒരു ജനകീയ സമരത്തിനു നേരെ കേരളത്തിലെ ഇടതു ഭരണകൂടം കാണിച്ച കണ്ണില്‍ച്ചോരയില്ലാത്ത ഈ നടപടി നീതീകരിക്കാനാവാത്തതാണ്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയില്‍) കേരള വ്യവസായ വികസന കോര്‍പറേഷനും ചേര്‍ന്നു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി. 3700 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കൊച്ചി-കൂറ്റനാട്-മംഗലാപുരം-ബംഗളൂരു പൈപ്പ്‌ലൈനാണ് ഈ പ്രദേശത്തുകൂടി കടന്നുപോകുന്നത്. 2007ലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഗ്യാസാണ് ഈ പൈപ്പ്‌ലൈന്‍ വഴി കൊണ്ടുപോകുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെത്തന്നെയാണ് ഇതിന്റെ സുരക്ഷയെക്കുറിച്ച ജനങ്ങളുടെ ആശങ്കകളോട് അധികൃതര്‍ പുലര്‍ത്തുന്ന നിലപാടും. ജനവാസമേഖലയിലൂടെയോ ഭാവിയില്‍ ജനവാസമേഖലയാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടിയോ നിയമപരമായി പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ പാടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചു സ്ഥാപിക്കപ്പെട്ട പൈപ്പ്‌ലൈനുകളില്‍ പോലും അപകടങ്ങള്‍ സംഭവിച്ച അനുഭവങ്ങള്‍ ഇന്ത്യയിലടക്കം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത് ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സ്വന്തം കിടപ്പാടങ്ങളില്‍ മരണഭീതിയോടെ ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടേണ്ടിവരുന്നതിനേക്കാള്‍ സങ്കടകരമായി മറ്റെന്തുണ്ട്? സ്വസ്ഥമായി അന്തിയുറങ്ങാനുള്ള പൗരന്മാരുടെ പ്രാഥമികമായ അവകാശം സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി നടക്കുന്ന ഒരു സമരത്തെയാണ് പാവങ്ങളുടെ പടത്തലവന്മാര്‍ കൈയാളുന്ന ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it