ernakulam local

അദാലത്ത് നീണ്ടു പോയി; കാത്ത് നിന്ന് വയോജനങ്ങള്‍ തളര്‍ന്നു

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തില്‍ വയോജനങ്ങളുടെ കേസുകള്‍ തീര്‍പ്പാക്കുന്നതിന് വിളിച്ച അദാലത്ത് മണിക്കൂറുകളോളം നീണ്ട് പോയത് കക്ഷികള്‍ക്ക് ദുരിതമായി.
മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനായി രൂപീകരിച്ച മെയിന്റനസ് ട്രൈബ്യൂണല്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍ ആന്റ് പാരന്റ്‌സിന്റെ അദാലത്താണ് ഇന്നലെ ഫോര്‍ട്ട്‌കൊച്ചി ആര്‍ഡി ഓഫിസില്‍ സബ് കലക്ടര്‍ ഇമ്പശേഖരന്റെ നേതൃത്വത്തില്‍ വിളിച്ചത്. ആകെ അമ്പത് പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. രാവിലെ ഇരുപത് പരാതിയും ഉച്ചയ്ക്ക് ശേഷം മുപ്പത് പരാതികളുമാണ് പരിഗണിച്ചത്.
രാവിലെ പത്തോടെ ആരംഭിച്ച അദാലത്തില്‍ ഉച്ചയോടെ ഇരുപത് പരാതികള്‍ പരിഗണിക്കുകയും ചിലതില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിച്ചവരാണ് ദുരിതത്തിലായത്. ഉച്ചയ്ക്ക് ശേഷമുള്ള പരാതിയില്‍ അഞ്ച് മണിവരെ നാല് കേസുകള്‍ മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. ഇത് കഴിഞ്ഞും വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഊഴത്തിനായി കാത്ത് നില്‍ക്കുന്ന അവസ്ഥയായിരുന്നു.
ഈ സമയമത്രയും കാത്ത് നിന്ന പലരും തളര്‍ന്ന് നിലത്ത് ഇരിക്കുന്ന  അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. സബ് കലക്ടര്‍ മാത്രമാണ് കക്ഷികളെ വിചാരണ നടത്തിയത്. തഹസില്‍ദാര്‍മാരുടെയും സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരുടേയും സഹായം തേടിയിരുന്നുവെങ്കില്‍ അദാലത്ത് പെട്ടെന്ന് തീര്‍ക്കുവാന്‍ കഴിയുമായിരുന്നുവെന്നാണ് പങ്കെടുക്കാനെത്തിയവര്‍ പറയുന്നത്.
ഒരു കേസില്‍ വിചാരണക്കായി കൂടുതല്‍ സമയമെടുക്കുന്നത് മൂലം പലരും അവശരാവുന്ന അവസ്ഥയായിരുന്നു.
Next Story

RELATED STORIES

Share it