അദാനി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു അനുനയത്തിനായി അദാനി കോടിയേരിയെ സന്ദര്‍ശിച്ചത്.

വിഴിഞ്ഞം പദ്ധതിയോടല്ല, കരാറിലെ വ്യവസ്ഥകളോടാണ് എതിര്‍പ്പെന്ന് കോടിയേരി അദാനിയെ അറിയിച്ചു. അതേസമയം, കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും പദ്ധതിക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായും ഗൗതം അദാനി പ്രതികരിച്ചു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കണമോയെന്നത് പ്രതിപക്ഷമാണ് തീരുമാനിക്കേണ്ടതെന്നും അദാനി കൂട്ടിച്ചേര്‍ത്തു. ഗൗതം അദാനിക്കുപുറമെ മകന്‍ കരണ്‍ അദാനിയും വിഴിഞ്ഞം പദ്ധതിയുടെ ഭാരവാഹികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടു.
ആരോപണ വിധേയരായ മുഖ്യമന്ത്രിയും കെ ബാബുവും പങ്കെടുക്കുന്നതിനാലാണ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കാനുള്ള ഒരു കൂടിക്കാഴ്ച മാത്രമാണ് അദാനിയുമായി നടത്തിയത്. വിഴിഞ്ഞം പദ്ധതിയോട് പാര്‍ട്ടിക്കോ ഇടതുമുന്നണിക്കോ എതിര്‍പ്പില്ലെങ്കിലും അതിന്റെ നടത്തിപ്പ് വ്യവസ്ഥകളോട് യോജിക്കാനാവില്ല. എങ്കിലും എതിര്‍പ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിഴിഞ്ഞം പദ്ധതി യഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. 7525 കോടി രൂപയുടെ പദ്ധതിയില്‍ 32 ശതമാനം മാത്രം പണം ഇറക്കുന്ന അദാനിക്ക് ഭൂമിയടക്കം മുഴുവന്‍ പദ്ധതിയും കൈപ്പിടിയിലാവും. പ്രദേശവാസികള്‍ക്ക് ജോലി നല്‍കുന്ന കാര്യം കമ്പനി പരിഗണിക്കുമെന്നും ഗൗതം അദാനി അറിയിച്ചതായി കോടിയേരി പറഞ്ഞു. അതേസമയം, വിഴിഞ്ഞം പദ്ധതിയില്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുമെന്ന് പദ്ധതി പ്രദേശം ശശി തരൂര്‍ എംപിക്കൊപ്പം സന്ദര്‍ശിച്ച ശേഷം ഗൗതം അദാനി അറിയിച്ചു.
Next Story

RELATED STORIES

Share it