Flash News

അദാനി കല്‍ക്കരിഖനിക്കെതിരേ ആസ്‌ത്രേലിയയില്‍ പ്രതിഷേധം



സിഡ്‌നി: ഇന്ത്യ ആസ്ഥാനമായ അദാനി ഗ്രൂപ്പിന്റെ കാര്‍മൈക്കേല്‍ കല്‍ക്കരിഖനി പദ്ധതിക്കെതിരേ ആസ്‌ത്രേലിയയില്‍ വന്‍പ്രതിഷേധം. ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പതിനായിരക്കണക്കിനു പേര്‍ പങ്കെടുത്തു. ആസ്‌ത്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനിയായ കാര്‍മൈക്കേലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് വര്‍ഷങ്ങളോളം നീണ്ടുപോയിരുന്നു. ആസ്‌ത്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് ആരംഭിക്കുന്ന പദ്ധതി ആഗോളതാപനം വര്‍ധിക്കാനും പാരിസ്ഥിതിക പ്രാധാന്യമുള്ള ഗ്രേറ്റ് ബാരിയര്‍ റീഫ് എന്ന പവിഴപ്പുറ്റ് നിരയെ നശിപ്പിക്കാനും കാരണമാവുമെന്ന് പരിസ്ഥിതി സംഘടനകള്‍ അറിയിച്ചു. 45 ഇടങ്ങളിലായാണ് ആസ്‌ത്രേലിയയിലെ സ്‌റ്റോപ് അദാനി പ്രസ്ഥാനം ഇന്നലെ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചത്. സിഡ്‌നിയിലെ ബോണ്ടി കടപ്പുറത്ത് 1000ഓളം പ്രതിഷേധക്കാര്‍ സ്‌റ്റോപ് അദാനി (#ടഠഛജ അഉഅചക) എന്ന മുദ്രാവാക്യത്തിന്റെ രൂപത്തില്‍ മനുഷ്യമതില്‍ തീര്‍ത്തു. ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തിനകത്തും പുറത്തും അദാനിക്കെതിരായ പ്രതിഷേധം ശക്തമാവുന്നുണ്ട്. നികുതിദായകരുടെ പണത്തില്‍ നിന്ന് നൂറുകോടി ഡോളര്‍ അദാനിക്ക് നല്‍കാനുള്ള ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയും വ്യാപക പ്രതിഷേധമുയരുന്നതായി സാമൂഹിക പ്രവര്‍ത്തകയായ ബ്ലയര്‍ പലീസ് പറഞ്ഞു. ആസ്‌ത്രേലിയന്‍ ജനതയില്‍ പകുതിയിലധികം പേര്‍ അദാനി പദ്ധതിയെ എതിര്‍ക്കുന്നതായി അടുത്തിടെ സര്‍വേഫലങ്ങള്‍ പുറത്തുവന്നിരുന്നു. നികുതി, റോയല്‍റ്റി ഇനങ്ങളില്‍ ആസ്‌ത്രേലിയക്ക് ശതകോടിക്കണക്കിനു വരുമാനം ലഭിക്കുമെന്നും തൊഴിലവസരങ്ങളുണ്ടാവുമെന്നുമാണ് ഖനനപദ്ധതി സംബന്ധിച്ച് അദാനിയുടെ അവകാശവാദങ്ങള്‍.
Next Story

RELATED STORIES

Share it