അദാനിയുടെ താപനിലയം; ഛത്തീസ്ഗഡില്‍ വന്‍ എതിര്‍പ്പ്

റായ്പൂര്‍: ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ അദാനി ഗ്രൂപ്പിന്റെ നിര്‍ദിഷ്ട താപനിലയത്തിന് നാട്ടുകാരില്‍ നിന്ന് വന്‍ എതിര്‍പ്പ്. 10 ഗ്രാമങ്ങളിലെ ജനങ്ങള്‍ പദ്ധതിക്കെതിരേ അണിനിരന്നിരിക്കുകയാണ്.
600 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന താപവൈദ്യുത നിലയം നിര്‍മിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയത്. താപവൈദ്യുത നിലയത്തിന് ഗ്രാമീണരുടെ ഭൂമി നല്‍കേണ്ടിവരും. ഇതാണ് എതിര്‍പ്പിനു കാരണം. എതിര്‍പ്പു മൂലം പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നത് ജില്ലാ കലക്ടര്‍ നീട്ടിവച്ചു. ബുധനാഴ്ച നാട്ടുകാരുടെ ഭാഗം കേള്‍ക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തിയ്യതി പിന്നീട് നിശ്ചയിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
താപവൈദ്യുത നിലയം പണിയാന്‍ 47.5 ഹെക്ടര്‍ ഭൂമിയാണ് അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
വൈദ്യുത നിലയം സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഗ്രാമീണരുടെ പ്രതിനിധി സംഘം സര്‍ഗുജ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടരുതെന്നും മേഖലയില്‍ വൈദ്യുതനിലയം ആവശ്യമില്ലെന്നും പര്‍സ ഗ്രാമത്തലവന്‍ ഭരംസായ് നരേതി പറഞ്ഞു. ഹരിഹര്‍പൂര്‍, ഡല്‍ഹി, ബസല്‍, ഛത്ബറ, ഫത്തേപ്പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ വൈദ്യുത നിലയത്തിനെതിരാണ്. ഈ ഗ്രാമങ്ങളിലാകെ 10,000ത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഗോങ് ആദിവാസികളാണ് ഇവരിലേറെയും. നെല്‍കൃഷിയും വനവിഭവ ശേഖരണവുമാണ് ഇവരുടെ പ്രാധാന തൊഴില്‍. വൈദ്യുത നിലയം യാഥാര്‍ഥ്യമായാല്‍ അത് പ്രദേശത്തെ ജൈവവൈവിധ്യത്തെ ബാധിക്കുമെന്നാണ് ആദിവാസികളുടെ ഭയം.
ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ആയിരിക്കും വൈദ്യുത നിലയത്തില്‍ ഉപയോഗിക്കുക. അത് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
നരേതി അദാനിയുടെ വൈദ്യുത നിലയം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കൃഷി നശിക്കാനിടയാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകനും ഛത്തീസ്ഗഡ് ബച്ചാവോ ആന്ദോളന്‍ കണ്‍വീനറുമായ അശോക് ശുക്ല പറഞ്ഞു.
Next Story

RELATED STORIES

Share it