malappuram local

'അത് നമുക്ക് കണ്ടത്തില്‍ കാണാം...' പൂളക്കാക്കയുടെ ആ ഗര്‍ജനം ഇനിയില്ല

മലപ്പുറം: അതൊക്കെ നമ്മക്ക് കണ്ടത്ത് കാണാം... ആരെല്ലാം നിങ്ങളുടെ ടീമിലുണ്ടാവുമെന്ന കാണികളുടെ ചോദ്യത്തിന് മലപ്പുറം വേങ്ങര കിളിനക്കോട് ഊത്തന്‍ കടവളത്ത് അബ്ദുര്‍റഹ്മാന്‍ എന്ന പൂളക്കാക്കയുടെ കിടിലന്‍ മറുപടിയായിരുന്നു ഇത്്. തന്റെ ടീമിലുള്ളവരെക്കുറിച്ച് വെളിപ്പെടുത്തിയാല്‍ എതിര്‍ ടീം തന്ത്രം മെനയുമെന്ന പേടിയായിരുന്നു അബ്ദുര്‍റഹ്മാന്.
എതിര്‍ ടീം കളത്തിലിറങ്ങിയ ശേഷം മരച്ചീനിയുടെ കൊമ്പ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നില്‍ പൂളക്കാക്കയും പിന്നാലെ ടീമും എത്തുന്നതോടെ സെവന്‍സ് ഗ്യാലറിയില്‍ വിസിലടികളുടെ പൂരമായിരിക്കും. 25 വര്‍ഷത്തോളമാണ് തന്റെ കശ്മീര്‍ ക്ലബ് കിളിനക്കോടിനെ പിന്നണിയില്‍ നിന്നു ഇദ്ദേഹം നയിച്ചത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലെ നിറ സാന്നിധ്യമായിരുന്ന പൂളക്കാക്ക മലബാറിലെ പന്തുകളി പ്രേമികളുടെ മനസ്സില്‍ കല്ലുകൊത്തിവച്ച പോലെയായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഒരു വിധം താരങ്ങളെയൊക്കെ തന്റെ ടീമിന് വേണ്ടി കളിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ തൃശൂരില്‍ മരച്ചീനിക്കച്ചവടത്തിനെത്തിയ സമയത്താണ് ഒരു കറുത്ത് മെലിഞ്ഞ പയ്യനെ കാണുന്നത്. പയ്യന്റെ കളി മനസ്സില്‍ കൊണ്ടു. ടീമിലെടുത്തു. ഉണങ്ങിയ പയ്യനെ കണ്ടപ്പോള്‍ കാണികള്‍ കാക്കയെ കൂവി.  എന്നാല്‍, കളി തുടങ്ങി കറുത്ത പയ്യന്‍ എതിര്‍ പോസ്റ്റില്‍ നിറയൊഴിച്ചതോടെ പൂളക്കാക്ക ആരാണെന്ന് കാണിച്ചുകൊടുത്തു. ആ പയ്യനാണ് പിന്നീട് ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളറായി മാറിയ ഐ എം വിജയന്‍. വിജയന് പുറമെ യു ഷറഫലി, സി ജാബിര്‍ തുടങ്ങിയ നിരവധി ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങള്‍ കശ്മീര്‍ ക്ലബിന് കളിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് വയനാട്ടില്‍ കൂലിപ്പണിക്കാരനായിരുന്ന പൂളക്കാക്കയ്ക്ക് തുടക്കത്തില്‍ വോളിബോളിനോടായിരുന്നു കമ്പം. ഇത് പിന്നീട് ഫുട്‌ബോളിലേക്ക് വഴി മാറി. തന്റെ നാട്ടില്‍ മരച്ചീനി വ്യാപാരം ആരംഭിച്ചതോടെ ഫുട്‌ബോള്‍ ടീമും രൂപീകരിച്ചു. ഇതോടെ അബ്ദുര്‍റഹ്മാന്‍ കാക്ക സെവന്‍സ് മൈതാനങ്ങളിലെ പൂളക്കാക്കയായി. ലുങ്കിയും നീളന്‍ കുപ്പായവും തലയില്‍ തോര്‍ത്തുമുണ്ടുമായിരുന്നു വേഷം. തന്റെ ടീമിനുവേണ്ടി വിയര്‍പ്പൊഴുക്കിയ കളിക്കാരുമായി പൂളകാക്കയ്ക്ക് ഹൃദയബന്ധമുണ്ടായിരുന്നു. രോഗമായതൊടെ പഴയ കളിക്കാരില്‍ സി ജാബിറടക്കമുള്ള പലരും പൂളകാക്കയെ സന്ദര്‍ശിച്ചു. ജാബിറിന്റെ മരണം പൂളക്കാക്കയെ കാര്യമായി വേദനിപ്പിച്ചിരുന്നു. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, കോഴിക്കോട് ബ്ലാക്ക് ആന്റ് വൈറ്റ്, അല്‍ മദീന ചെര്‍പ്പുളശ്ശേരി തുടങ്ങിയ ടീമുകള്‍ കളിക്കളത്തിലെ കാക്കയുടെ ബദ്ധവൈരികളായിരുന്നു. മലപ്പുറം ജില്ലയില്‍ മരച്ചീനി നേരിട്ട് വാങ്ങിയും കൃഷി ചെയ്തുമുണ്ടാക്കിയ പണമെല്ലാം തന്റെ ടീമിന് വേണ്ടിയായിരുന്നു അദ്ദേഹം ചെലവഴിച്ചത്. പണമെത്ര നഷ്ടപ്പെട്ടാലും ഫുട്‌ബോള്‍ കൊണ്ട് ഞാന്‍ വളര്‍ന്നിട്ടേയുള്ളുവെന്നായിരുന്നു അബ്ദുര്‍റഹ്മാന്റെ മറുപടി. ഒന്നര വര്‍ഷം മുമ്പ് പ്രമേഹത്തെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയതോടെയാണ് പൂളക്കാക്കയുടെ കളിക്കളത്തോടുള്ള നിറസാന്നിധ്യം അവസാനിപ്പിച്ചത്. ഫുട്‌ബോള്‍ കമ്പക്കാരായ നാട്ടുകാര്‍ കശ്മീര്‍ ക്ലബിനെ മുന്നോട്ടു നയിക്കുന്നുണ്ടെങ്കിലും പൂളക്കാക്കയുടെ ഗര്‍ജനം ഇനിയുണ്ടാവില്ല.
Next Story

RELATED STORIES

Share it