അത്ര എളുപ്പമല്ല രൂപാണിക്ക് കാര്യങ്ങള്‍

രാജ്‌കോട്ട്: സിറ്റിങ് സീറ്റായ രാജ്‌കോട്ട് ഈസ്റ്റില്‍ നിന്ന് ഇത്തവണ ഒരുകൈ നോക്കാന്‍ രാജ്‌കോട്ട് വെസ്റ്റിലെത്തിയതാണ് കോണ്‍ഗ്രസ്സിന്റെ ഇന്ദ്രനീല്‍ രാജ്ഗുരു. കാരണമൊന്നേയുള്ളൂ, എതിരാളി മുഖ്യമന്ത്രി വിജയ് രൂപാണിയാണ്. തോല്‍പിക്കുന്നെങ്കില്‍ മുഖ്യമന്ത്രിയെത്തന്നെ തോല്‍പിക്കണമെന്നാണ് രാജ്ഗുരുവിന്റെ പക്ഷം. രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായത് മുതല്‍ സംഘടിത അഴിമതിയാണ് രൂപാണി നടത്തുന്നതെന്നാണ് രാജ്ഗുരു പറയുന്നത്. സൗരാഷ്ട്ര മേഖലയില്‍ സാംസ്‌കാരിക തെമ്മാടിത്തം കൊണ്ടുവന്നത് രൂപാണിയാണെന്നും രാജ്ഗുരു ആരോപിക്കുന്നു. രൂപാണി ബിജെപിയുടെ താരപരിവേഷമുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ ഒട്ടും മോശക്കാരനല്ല രാജ്ഗുരുവും. 141 കോടി പ്രഖ്യാപിത ആസ്തിയുള്ള രാജ്ഗുരു ഗുജറാത്തിലെ ഏറ്റവും സമ്പന്നനായ എംഎല്‍എയും സ്ഥാനാര്‍ഥിയുമാണ്. അതുകൊണ്ടുതന്നെ പോസ്റ്റര്‍ യുദ്ധമാണ് മണ്ഡലത്തിലെങ്ങും. വികസനമാണ് പോസ്റ്ററിലെ പ്രധാന വിഷയം. മണ്ഡലത്തിലെ പ്രധാന റോഡുകളിലെല്ലാം ഇത്തരത്തില്‍ നൂറുകണക്കിന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നര്‍മദ ജലപദ്ധതി തങ്ങളുടെ നേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുമ്പോള്‍ 22 വര്‍ഷത്തിനു ശേഷവും രാജ്‌കോട്ടില്‍ ദിവസം 22 മിനിറ്റ് മാത്രമാണ് വെള്ളം കിട്ടുന്നതെന്നാണ് രാജ്ഗുരുവിന്റെ മറുപടി. ഉറച്ച സീറ്റ് വിട്ട് രാജ്ഗുരു ഇവിടെ വന്നത് പണമൊഴുക്കി സീറ്റ് പിടിക്കാനാണെന്നാണ് ബിജെപി ആരോപിക്കുന്നത്. അതവര്‍ പ്രധാന പ്രചാരണവിഷയമാക്കുകയും ചെയ്തു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഈ ആക്ഷേപത്തിന് മുന്‍തൂക്കം ലഭിക്കുകയും ചെയ്തു. എന്നാല്‍, ഹാര്‍ദിക് പട്ടേലിന്റെ റോഡ്‌ഷോ മണ്ഡലത്തിലെത്തിയതോടെ കാര്യങ്ങളാകെ മാറി. മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ നാന്‍ മൗവ റോഡിലെ ഹാര്‍ദികിന്റെ റാലിയില്‍ 30,000ലധികം പട്ടേലുകളാണ് പങ്കെടുത്തത്. 2014ലെ ഉപതിരഞ്ഞെടുപ്പില്‍ 23,740 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് രൂപാണി ജയിച്ചത്. 2012ല്‍ ഇവിടെ നിന്ന് വിജയിച്ച ബിജെപിയുടെ വാജുവാല 25,000നടുത്ത് ഭൂരിപക്ഷം നേടിയിരുന്നു. പട്ടേലുകളുടെ എതിര്‍പ്പിനൊപ്പമാണ് പ്രദേശത്തെ ഇതുവരെ പരിഹരിക്കപ്പെടാത്ത ജലദൗര്‍ലഭ്യം തിരഞ്ഞെടുപ്പു വിഷയമായി ഉയര്‍ന്നുവന്നിരിക്കുന്നത്. ഗതാഗതത്തിരക്കും പാര്‍ക്കിങ് സൗകര്യമില്ലായ്മയും പൊതുഗതാഗത സൗകര്യങ്ങളില്ലായ്മ എല്ലാം വിഷയമാണ്. മണ്ഡലത്തിലെ 3.17 ലക്ഷം വോട്ടര്‍മാരില്‍ 65000 പേര്‍ പാട്ടിദാര്‍മാരും 35,000 ബ്രാഹ്മണരുമാണ്. ഈ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 25,000 ദലിതുകളും 23,000 മുസ്‌ലിംകളുമാണ് മറ്റൊരു പ്രധാന വിഭാഗം. ഇവരുടെ വോട്ടുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ അത്ര എളുപ്പമല്ല രൂപാണിക്ക് കാര്യങ്ങള്‍.
Next Story

RELATED STORIES

Share it