ernakulam local

അത്യാധുനിക സൗകര്യങ്ങളോടെ സിയാലിന്റെ ആഭ്യന്തര ടെര്‍മിനല്‍



നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. രാജ്യാന്തര യാത്രക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങളോടെ ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തര യാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. 160ഓളം കോടി രൂപ മുടക്കിയാണ് സിയാല്‍ ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.സിയാലിന്റെ രാജ്യാന്തര ടെര്‍മിനലായ ടി3 കഴിഞ്ഞ ഏപ്രിലില്‍ സമ്പൂര്‍ണ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തൊട്ടടുത്തമാസം തന്നെ പഴയ രാജ്യാന്തര ടെര്‍മിനലായ ടി1 പുനര്‍നിര്‍മിക്കുന്ന പ്രക്രിയ തുടങ്ങി. ടി1 നെ എത്രയും വേഗം ആഭ്യന്തര ടെര്‍മിനലായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ സജ്ജീകരണങ്ങളൊന്നും ആഭ്യന്തര ഓപ്പറേഷന് വേണ്ടാത്തതിനാല്‍, ടെര്‍മിനലിന്റെ ഉള്‍വശം മുഴുവനും മാറ്റുകയും നിലവിലെ വ്യോമയാന എന്‍ജിനീയറിങ് രംഗത്തെ നിലവാരമനുസരിച്ച് പുനര്‍നിര്‍മിക്കുകയുമാണ് സിയാല്‍ ചെയ്യുന്നത്. ആഭ്യന്തര വ്യോമയാനത്തുണ്ടാകുന്ന വന്‍ വളര്‍ച്ച മുന്‍നിര്‍ത്തി, അടുത്ത 20 വര്‍ഷത്തേയ്ക്ക് ഉപയുക്തമാക്കാവുന്ന തരത്തിലാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. നിലവില്‍ ആഭ്യന്തര ഓപ്പറേഷന്‍ നടക്കുന്ന രണ്ടാം ടെര്‍മിനലിന്റെ ആറിരട്ടിയിലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ടാകും. നിലവിലെ ടെര്‍മിനലില്‍ ഒരുമണിക്കൂറില്‍ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആണ്. ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇത് 4000 ആയി ഉയരും. രാജ്യാന്തര ടെര്‍മിനലായ ടി3 യ്ക്കും സമാനശേഷിയാണ്.     നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ആഗമനവും പുറപ്പെടലും ഒരേ നിരപ്പില്‍ നിന്നാണ്. എന്നാല്‍, മൂന്ന് നിലകളിലായാണ് ടി1 വിന്യസിച്ചിരിക്കുന്നത്. 2.42 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള താഴത്തെ നിലയില്‍ ചെക്ക്ഇന്‍ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ബാഗേജ് ഏരിയ എന്നിവയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. 56 ചെക്ക്ഇന്‍ കൗണ്ടറുകള്‍ ഇവിടെയുണ്ടാകും. 90000 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ടാം നിലയില്‍, ടി3യില്‍ ഉള്ളതുപോലെ ഫൂഡ് കോര്‍ട്ട്, എക്‌സിക്യൂട്ടീവ് ലോഞ്ച്, ബാര്‍ എന്നിവ സജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങള്‍ക്കായി 62,000 ചതുരശ്രയടി സ്ഥലം കൂടി സിയാല്‍ വികസിപ്പിക്കുന്നുണ്ട്. വിമാനത്തിനുള്ളില്‍ നിന്ന് ഏറ്റവും വേഗത്തില്‍ യാത്രക്കാരെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള അറൈവല്‍ മേഖലയില്‍ എത്തിക്കാനായി റാമ്പുകള്‍ നിര്‍മിക്കുന്നുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഏറ്റവും പുതിയ നിര്‍ദേശപ്രകാരമുള്ള ഇന്‍ ലേന്‍ ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനമാണ് സിയാല്‍ ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്. തുടക്കംമുതല്‍ തന്നെ രണ്ട് സിടി മെഷീന്‍ ഉപയോഗിച്ച് ബാഗേജുകള്‍ സ്‌കാന്‍ ചെയ്യും. 45 സെക്കന്റുകൊണ്ട് ബാഗ് പരിശോധന പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. അറൈവല്‍ ഭാഗത്ത് നിലവിലുള്ള രണ്ട് കണ്‍വേയര്‍ ബെല്‍റ്റുകള്‍ക്ക് പകരം ടി1ല്‍ നാല് ബെല്‍റ്റുകളുണ്ടാകും.     അത്യാധുനിക അഗ്‌നിരക്ഷാ സംവിധാനമാണ് ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്. ടെര്‍മിനലിന്റെ മൂഴുവന്‍ മേഖലയും ഫയര്‍ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലുണ്ടാകും. തീ കണ്ടാല്‍ സ്വയം ജലം പമ്പുചെയ്യുന്ന രണ്ടായിരത്തോളം സ്പ്രിങ്കഌറുകള്‍ ടെര്‍മിനലുകളിലാകെ ഘടിപ്പിച്ചുവരുന്നു. ഏറ്റവും സുരക്ഷിതമായ രീതിയില്‍ അഗ്‌നിശമന സന്നാഹങ്ങള്‍ ഒരുക്കാന്‍ മാത്രം 6.67 കോടി രൂപയാണ് സിയാല്‍ ചെലവിടുന്നത്.എട്ട് ലിഫ്റ്റുകള്‍, നാല് എസ്‌കലേറ്ററുകള്‍, വിമാനത്തിന്റെ ആഗമനപുറപ്പെടല്‍ വിവരങ്ങള്‍ തത്സമയം കാണിക്കുന്ന 168 ഫ്‌ളൈറ്റ് ഡിസ്‌പ്ലേ സിസ്റ്റം, 800 സുരക്ഷാ ക്യാമറകള്‍ എന്നിവയും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിക്കുകയാണ്. ടെര്‍മിനലിന്റെ പ്രവര്‍ത്തനം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ ഇവിടെ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.
Next Story

RELATED STORIES

Share it