Districts

അത്തോളി പോലിസിന്റെ നടപടി ക്രൂരതയുടെ ബാക്കിപത്രം: പി അബ്ദുല്‍ ഹമീദ്

അത്തോളി പോലിസിന്റെ നടപടി ക്രൂരതയുടെ ബാക്കിപത്രം: പി അബ്ദുല്‍ ഹമീദ്
X
HAMEED

വടകര: മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചും ബോംബെറിഞ്ഞും സിപിഎമ്മുകാര്‍ അത്യാസന്ന നിലയിലാക്കിയ കുറ്റിയാടിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആര്‍ എം നിസാറിനെ വഴിയില്‍ തടഞ്ഞ് മരണത്തിലേക്കു തള്ളിവിടാനാണ് അത്തോളി പോലിസ് ശ്രമിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. യുവാവിനെ കൊലപ്പെടുത്തുകയെന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മാര്‍ക്‌സിസ്റ്റുകാരെ സഹായിക്കുംവിധം രക്തം വാര്‍ന്നൊലിക്കുന്ന യുവാവിനെ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി അരമണിക്കൂറോളം ചികില്‍സ വൈകിപ്പിച്ച പോലിസ് നടപടി കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി നിസാറിനെ വഴിയില്‍ തടഞ്ഞ അത്തോളി പോലിസിനെതിരേ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ ഇന്നലെ വടകര റൂറല്‍ എസ്പി ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ അധ്യക്ഷത വഹിച്ചു. നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് അത്തോളി പോലിസിന്റെ പരാക്രമത്തിനെതിരേയുള്ള ശക്തമായ താക്കീതായി. അത്തോളി പോലിസിനെതിരേ മാതൃകാപരമായ നടപടിയുണ്ടായില്ലെങ്കില്‍ എസ്ഡിപിഐ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ആരുടെയോ തിട്ടൂരത്തിനനുസരിച്ച് അത്യാസന്ന നിലയിലുള്ള രോഗിയെ റോഡില്‍ തടഞ്ഞ് ചികില്‍സ വൈകിപ്പിച്ച പോലിസ് നടപടി അംഗീകരിക്കാനാവില്ല. ഇവര്‍ പോലിസ് സേനയുടെ അന്തസ്സിനും കേരളത്തിന്റെ പാരമ്പര്യത്തിനും കളങ്കമാണ്. സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സമിതിയംഗം സി എ ഹാരിസ്, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സലീം കാരാടി സംസാരിച്ചു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് എസ്പി ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു. നജീബ് അത്തോളി, ഷംസീര്‍ ചോമ്പാല, മുസ്തഫ പാലേരി, പി എസ് ഹക്കീം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it