kannur local

അത്താഴക്കൊട്ടിന്റെ ഓര്‍മയില്‍ ഇരിക്കൂര്‍ നിവാസികള്‍



മടവൂര്‍ അബ്ദുല്‍ ഖാദര്‍

ഇരിക്കൂര്‍: കാലത്തിന്റെ കുത്തൊഴുക്കില്‍ നാട്ടുനടപ്പുകള്‍ പലതും മാറിയതോടെ അരനൂറ്റാണ്ടോളം ഇരിക്കൂര്‍ നിവാസികളെ റമദാന്‍ വ്രതമെടുക്കാന്‍ വിളിച്ചുണര്‍ത്തിയിരുന്ന അത്താഴക്കൊട്ട് ഓര്‍മയായി. വാച്ചോ ടെലിഫോണോ വൈദ്യുതിയോ ഒന്നുമില്ലാതിരുന്ന കാലത്ത് നോമ്പുനോല്‍ക്കുന്നവരെ അത്താഴം കഴിക്കുന്നതിന് വിളിച്ചുണര്‍ത്താന്‍ സുബ്ഹി അദാന് ഒരുമണിക്കൂറെങ്കിലും മുമ്പായി ചെണ്ട കൊട്ടി വീട്ടുപരിസരങ്ങളിലൂടെ നടന്നുപോയവരായിരുന്നു അത്താഴക്കൊട്ടുകാര്‍. പരേതനായ പുത്തമ്പുര മേമിയായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. തറാവീഹ് നമസ്‌കാരം കഴിഞ്ഞ് മുത്താഴ ഭക്ഷണത്തിനു ശേഷം റാന്തല്‍വിളക്ക് കൈയിലേന്തി മേമിയും ഏതാനും കുട്ടികളും പുറപ്പെടും. മേമിയുടെ തലയില്‍ തിരുകിയ ചെണ്ടയില്‍ കുട്ടികള്‍ വടി കൊണ്ട് ആഞ്ഞുകൊട്ടും. അത്താഴത്തിനു നേരമായി, എല്ലാവരും എണീറ്റ് അത്താഴം കഴിക്കൂ എന്ന് അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറയും. അത്താഴക്കൊട്ട് കേട്ടാല്‍ നോമ്പെടുക്കുന്നവര്‍ ഉണര്‍ന്നെഴുന്നേറ്റ് അത്താഴം കഴിക്കും. സുബ്ഹി അദാന് മുഴങ്ങുന്നതോടെ നമസ്‌കാരവും. അതോടെ വ്രതത്തിലേക്ക് പ്രവേശിക്കുകയായി. നിശ്ചിതസമയത്ത് വിശ്വാസികളെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്താന്‍ ഇന്നത്തെപ്പോലെ മൊബൈല്‍ അലാറമോ മറ്റു സംവിധാനങ്ങളോ ഇല്ലാതിരുന്ന പഴയകാലത്ത് അത്താഴക്കൊട്ടുകാര്‍ നടത്തിവന്ന സേവനം ആളുകള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. ഈ യജ്ഞം ഒരു അനുഷ്ഠാനം പോലെ ശവ്വാല്‍ മാസപ്പിറവി കാണുന്നതുവരെ തുടരും. അത്താഴക്കൊട്ടിനുള്ള പ്രതിഫലം സ്വീകരിക്കാന്‍ പെരുന്നാളില്‍ ദിനത്തില്‍ എല്ലാ വീടുകളിലും മേമിക്ക എത്തും. നിര്‍ധനകുടുബത്തിലെ അംഗമായ ഇദ്ദേഹത്തെ എല്ലാവരും മനസ്സറിഞ്ഞ് സഹായിക്കും.ആദ്യകാലത്ത് വണ്ടിത്താവളത്ത് താമസിച്ചിരുന്ന മേമി, പിന്നീട് ഫാറൂഖ് നഗറിലേക്ക് മാറുകയായിരുന്നു. ഇന്ന് അത്താഴക്കൊട്ടും പുത്തമ്പുര മേമിയും വിസ്്മൃതിയിലാണ്. പാരമ്പര്യമായി അത്താഴക്കൊട്ട് അനുഷ്ഠിച്ചിരുന്ന കുടുംബമല്ലാത്തതിനാല്‍ പിന്നീട് പിന്മുറക്കാര്‍ ആരും രംഗത്തുവന്നില്ല. എങ്കിലും ഒരോ റമദാന്‍ കടന്നുവരുമ്പോഴും ഇരിക്കൂര്‍ നിവാസികളുടെ ഓര്‍മയില്‍ അത്താഴക്കൊട്ടിന്റെ നനുത്ത സ്മരണകളുണ്ട്.
Next Story

RELATED STORIES

Share it