Business

അതിസമ്പന്നര്‍ കടം വീട്ടുന്നില്ല; പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാക്കടം 27,060 കോടി രൂപ

മുംബൈ: വിദേശത്ത് പൂഴ്ത്തിവച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതില്‍ മാത്രമല്ല പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അതിസമ്പന്നര്‍ വാങ്ങിയ വായ്പ തിരിച്ചുപിടിക്കുന്നതിലും കേന്ദ്ര ഗവണ്‍മെന്റ് പരാജയം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2014 ഡിസംബറില്‍ 27,060 കോടി രൂപയാണു പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാക്കടമായിട്ടുള്ളത്.
7,500 കോടി രൂപ തിരിച്ചടയ്ക്കാനുള്ള അബ്കാരി ഭീമന്‍ വിജയ് മല്യ മുന്‍നിരയിലുണ്ട്. മറ്റു പല രാജ്യങ്ങളിലും ഇത്തരക്കാര്‍ ജയിലില്‍ കിടക്കുമ്പോള്‍ വിജയ് മല്യ കുതിരപ്പന്തയത്തിലും അതിസമ്പന്നരുടെ വിരുന്നുകളിലും പങ്കെടുത്തു മുംബൈയില്‍ വിലസുന്നു. മല്യക്കെതിരേ ഇനിയും കാര്യമായ ഒരു നിയമനടപടിയുമുണ്ടായിട്ടില്ല. എല്ലാ ബാങ്കുകള്‍ക്കും കിട്ടാക്കടമായി പ്രഖ്യാപിച്ച തുക ആറുലക്ഷം കോടിയിലധികം വരും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വമ്പന്‍മാരുടെ പേരിലുള്ള കിട്ടാക്കടത്തിന്റെ വിവരങ്ങള്‍ പൂഴ്ത്തിവച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥര്‍ക്കു വായ്പകളുടെ കമ്മീഷന്‍ ലഭിക്കുന്നതുകൊണ്ടാണിതെന്ന് കരുതപ്പെടുന്നു.
ഇന്ത്യയിലെ മിക്കവാറും എല്ലാ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളും വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടികയിലുണ്ട്. 1,990 കോടി രൂപ നല്‍കാനുള്ള ഉഷാഗ്രൂപ്പ്, 889 കോടി തിരിച്ചടയ്‌ക്കേണ്ട ഇന്‍ഫോടെക്, 856 കോടി വായ്പയെടുത്ത എസ് കുമാര്‍, 900 കോടി രൂപ വാങ്ങി മൗനം പാലിക്കുന്ന വിന്‍സം ഡയമണ്ട്‌സ് എന്നിങ്ങനെ കടക്കാരുടെ പട്ടിക നീളുന്നു. ഇവരില്‍ പലര്‍ക്കും യുപിഎ-എന്‍ഡിഎ പ്രമുഖരുമായി അടുത്ത ബന്ധമാണുള്ളത്. റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കിട്ടാക്കടം നല്‍കാനുള്ളവരുടെ പട്ടികയിലെ 50 പേരില്‍ പകുതിയിലധികം മാര്‍വാഡികളോ പഞ്ചാബികളോ ആണ്.
പല സ്ഥാപനങ്ങളുടെയും ആസ്തിയെന്തെന്നു സൂക്ഷ്മമായി പരിശോധിക്കാതെയാണ് പൊതുമേഖലാ ബാങ്കുകള്‍ വായ്പ കൊടുത്തത്. വിന്‍സം ഡയമണ്ട്‌സിന്റെ കഥ തന്നെ ഉദാഹരണമാണ്. ജതീന്‍ മേത്തയുടെ ഉടമസ്ഥതയിലുള്ള വിന്‍സം ഡയമണ്ട്‌സിന് സ്റ്റാന്റേഡ് ചാര്‍ട്ടേഡടക്കം 10 ബാങ്കുകള്‍ 6500 കോടി രൂപ നല്‍കിയിരുന്നു. അടവ് തെറ്റിയപ്പോള്‍ അവര്‍ കമ്പനി നല്‍കിയ സമാന്തര ഈട് പരിശോധിച്ചു. വെറും 250 കോടി രൂപയ്ക്കു മാത്രമുള്ളതായിരുന്നു അത്. ഡക്കാന്‍ ക്രോണിക്ക്ള്‍സ് ഗ്രൂപ്പിന്റെ ഉടമ കൂടിയായ മേത്ത നിയമത്തില്‍ നിന്നു രക്ഷപ്പെടാന്‍ സിംഗപ്പൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതുപോലെ ഡല്‍ഹിയിലെ തിവാരി ഗ്രൂപ്പ് വ്യാജ ഇന്‍വോയ്‌സ് നല്‍കിയാണ് പിഎന്‍ബിയടക്കമുള്ള ബാങ്കുകളില്‍ നിന്ന് 2500 കോടിയോളം രൂപ അടിച്ചെടുത്തത്.
ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ നല്‍കിയ നിര്‍ദേശം കേന്ദ്ര ഗവണ്‍മെന്റ് തള്ളിക്കളയുകയാണുണ്ടായത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരി നല്‍കിയ നിര്‍ദേശങ്ങളാവട്ടെ ഇപ്പോഴും ധന മന്ത്രാലയത്തില്‍ ഉറക്കത്തിലാണ്.
Next Story

RELATED STORIES

Share it