അതിശൈത്യം; തായ്‌വാനില്‍ 90 മരണം

തായ്‌പേയ്: കിഴക്കന്‍ ഏഷ്യയില്‍ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച അപ്രതീക്ഷിതമായ അതിശൈത്യത്തെത്തുടര്‍ന്ന് തായ്‌വാനില്‍ 85 പേരും ജപ്പാനില്‍ അഞ്ചു പേരും മരിച്ചു.
കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് 60,000ത്തോളം വിനോദസഞ്ചാരികള്‍ ദക്ഷിണകൊറിയയില്‍ കുടുങ്ങിയിരിക്കുകയാണ്.
കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ വ്യതിയാനംമൂലം, ശ്വാസതടസ്സവും സ്‌ട്രോക്കും ഹൈപോതെര്‍മിയയും ഹൃദയസംബന്ധമായ അസ്വസ്ഥതകളുമുണ്ടായതാണു മരണസംഖ്യ ഉയരാന്‍ കാരണമായത്. ശനിയാഴ്ച മുതലാണു മേഖലയില്‍ ശൈത്യം ആരംഭിച്ചത്. കനത്ത മഞ്ഞുവീഴ്ച കാരണം ദക്ഷിണകൊറിയന്‍ ദ്വീപായ ജെജുവിലെ വിമാനത്താവളം അടയ്ക്കുകയും 500ഓളം ആഭ്യന്തര-അന്തര്‍ദേശീയ വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അയല്‍രാജ്യങ്ങളായ ഹോങ്കോങ്, ജപ്പാന്‍, വിയറ്റ്‌നാം, തെക്കന്‍ ചൈന എന്നിവിടങ്ങളിലും അസഹനീയമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ജപ്പാന്‍ 600ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജപ്പാനില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കന്‍ തായ്‌വാനിലെ തായ്‌പേയ്, തവോയുവാന്‍ എന്നീ പ്രവിശ്യകളിലെ പ്രായംചെന്നവരാണു മരിച്ചവരില്‍ കൂടുതലും. തായ്‌പേയിലെ താപനില 44 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരിക്കുകയാണ്. 4 ഡിഗ്രിയാണ് ഇപ്പോഴത്തെ താപനില.
മരിച്ച 70ഓളം പേര്‍ തായ്‌വാനിലും മറ്റ് 20ഓളം പേര്‍ തെക്കന്‍ നഗരമായ കവോസിയൂങില്‍ നിന്നും ഉള്ളവരാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കൊടുംതണുപ്പില്‍ നിന്നു രക്ഷപ്പെടുന്നതിനായി വീടുകള്‍ ചൂടുപിടിപ്പിക്കാന്‍ സാധിക്കാത്തതും സാഹചര്യത്തെ പ്രതികൂലമാക്കിയിട്ടുണ്ട്.
നൂറോളം വീട് നഷ്ടപ്പെട്ടു. ഹോങ്കോങില്‍ താപനില 3.1 ഡിഗ്രിയിലെത്തിയിരിക്കുകയാണ്. 60 വര്‍ഷത്തിനിടെ മേഖലയിലുണ്ടാവുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്. ന്യൂ തായ്‌പേയ് സിറ്റിയില്‍ മൈനസ് 6 ഡിഗ്രിയാണ് താപനില.
Next Story

RELATED STORIES

Share it