Flash News

അതിവേഗ യാത്രാബോട്ട് സര്‍വീസ് ; പരിശോധനകള്‍ അന്തിമഘട്ടത്തില്‍



എച്ച്  സുധീര്‍

തിരുവനന്തപുരം: അതിവേഗ യാത്രാബോട്ട് സര്‍വീസിനുള്ള വിദേശനിര്‍മിത ജലയാനങ്ങളുടെ പരിശോധനകള്‍ അന്തിമഘട്ടത്തില്‍. തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാരമേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് കേരള തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് അതിവേഗ യാത്രാബോട്ടുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ വിഴിഞ്ഞം-കന്യാകുമാരി, കൊച്ചി-തിരുവനന്തപുരം, കൊച്ചി-കോഴിക്കോട് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് അതിവേഗ യാത്രാബോട്ട് സര്‍വീസ് നടത്താനാണു തീരുമാനം. ഇതില്‍ കൊച്ചി-കോഴിക്കോട് മേഖലയില്‍ സര്‍വീസ് നടത്താനുള്ള വിദേശനിര്‍മിത ജലയാനങ്ങളുടെ പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. കൊച്ചി, കോഴിക്കോട് (ബേപ്പൂര്‍), കൊല്ലം, വിഴിഞ്ഞം (കോവളം) തുറമുഖങ്ങളാണു പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. പിപിപി വ്യവസ്ഥയില്‍ സ്വകാര്യ പങ്കാളികള്‍ മുഖാന്തരം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൗതികസാഹചര്യം സര്‍ക്കാര്‍ ഒരുക്കിനല്‍കാനും ധാരണയായിട്ടുണ്ട്. യാത്രക്കാര്‍ക്ക് വന്നിറങ്ങുന്നതിനും കയറുന്നതിനുമുള്ള വാര്‍ഫും പാസഞ്ചര്‍ ടെര്‍മിനലുമാണു പദ്ധതി ആരംഭിക്കുന്നതിനായി തുറമുഖങ്ങളില്‍ വേണ്ട അടിസ്ഥാന സൗകര്യം. ബേപ്പൂ ര്‍, വിഴിഞ്ഞം തുറമുഖങ്ങളില്‍ വാര്‍ഫ്, പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്കായി കോഴിക്കോട്(വെള്ളയില്‍), കൊച്ചി, തിരുവനന്തപുരം എന്നീ തുറമുഖങ്ങളില്‍ ഫ്‌ളോട്ടിങ് ജട്ടികളും നിര്‍മിക്കും. കൂടാതെ, കൊല്ലം തുറമുഖത്തുനിന്നും ലക്ഷദ്വീപിലേക്കും മറ്റിടങ്ങളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പദ്ധതിക്കായി തുറമുഖവകുപ്പ് ലക്ഷദ്വീപ് അധികൃതരുമായി ചര്‍ച്ചനടത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ പുരോഗതിയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൊല്ലം തുറമുഖത്ത് പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണ്. ടെര്‍മിനല്‍ ബര്‍ത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കും. കൊല്ലം, അഴീക്കല്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍, ആലപ്പുഴ, ബേപ്പൂര്‍, വിഴിഞ്ഞം തുറമുഖങ്ങള്‍ 2017-18 കാലയളവില്‍ നവീകരിക്കാനും പദ്ധതിയുണ്ട്. തീരദേശ കപ്പല്‍ ഗതാഗത പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം, കൊല്ലം, ബേപ്പൂ ര്‍, അഴീക്കല്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍, തുറമുഖങ്ങള്‍ ഘട്ടംഘട്ടമായി വികസിപ്പിക്കുന്നതിനു പദ്ധതിയുണ്ട്. ഈ തുറമുഖങ്ങള്‍ ചരക്കുഗതാഗതത്തിന് അനുയോജ്യമാക്കും വിധത്തിലും വികസിപ്പിക്കും. ഇതിനു പുറമെ, കേരളത്തിലെ ബീച്ചുകളെ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളായി വളര്‍ത്തുന്നതിന് ആലപ്പുഴയില്‍ ഒരു മറീന സ്ഥാപിക്കുന്നതിനും മറ്റിടങ്ങളില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് സംവിധാനം ഒരുക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it