അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാന്‍ പുതിയ പദ്ധതി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഒഴിവാക്കാനും അതിര്‍ത്തിയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനുമായി ഇരുരാജ്യങ്ങളും പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ഇന്ത്യ-പാക് ഡയറക്ടര്‍ ജനറല്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. മൂന്നു ദിവസത്തെ ചര്‍ച്ച ഒരു ദിവസം കൂടി നീട്ടാന്‍ തീരുമാനിച്ചിട്ടുണെ്ടന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പുതിയ പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ വേണ്ടിയാണ് ചര്‍ച്ച ഒരു ദിവസം നീട്ടിയത്. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഇരുവിഭാഗവും താല്‍പ്പര്യം കാണിച്ചത് പ്രധാനപ്പെട്ട കാര്യമാണ്. ഇത് നടപ്പാക്കുകയാണ് ഇനി വേണ്ടത്- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാര്യപരിപാടിയനുസരിച്ച് ഇന്നു പാകിസ്താന്‍ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ സൗത്ത് ബ്ലോക്ക് ഓഫിസില്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് പാകിസ്താന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥരെയും കാണും. അവസാന ദിവസം ഇരുവിഭാഗവും എത്തിച്ചേര്‍ന്ന തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ചര്‍ച്ചയില്‍ ഇന്ത്യന്‍ സംഘം വളരെ സംതൃപ്തിയിലാണെന്ന്  സംഘത്തെ നയിക്കുന്ന ബി.എസ്.എഫ്. മേധാവി ഡി കെ പഥക് പറഞ്ഞു. കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ഥമില്ല. ഭാവിയില്‍ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടി നടപടി സ്വീകരിക്കാനാണ് ചര്‍ച്ച നടക്കേണ്ടതെന്ന സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it