thiruvananthapuram local

അതിര്‍ത്തി മണ്ഡലം ആര്‍ക്ക്; കുടുംബ യോഗങ്ങളുമായി സ്ഥാനാര്‍ഥികള്‍ രംഗത്ത്

അനി വേലപ്പന്‍

പാറശ്ശാല: കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമാണ് പാറശാല. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ മേല്‍ക്കൈയുള്ള മണ്ഡലം. തിരഞ്ഞെടുപ്പ് ചരിത്രം യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും എല്‍ഡിഎഫ് തൊട്ടുപിറകില്‍ തന്നേയുണ്ട്. 1996 ന് ശേഷം ഒരുതവണ മാത്രമാണ് മണ്ഡലം എല്‍ഡിഎഫിനെ പിന്തുണച്ചത്.
1996ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ സീറ്റ് ലഭിക്കാത്തത് കൊണ്ട് സുന്ദരന്‍ നാടാര്‍ സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അദ്ദേഹം കോണ്‍ഗ്രസ്സിലേക്ക് തന്നേ മടങ്ങി. 5370 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് വിജയിച്ചത്. 2001ല്‍ അദ്ദേഹം വീണ്ടും എംഎല്‍എ ആവുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായി. 2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സുന്ദര്‍ നാടാരെ 5000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായ ശെല്‍വരാജ് ജയിച്ചു.
2011ല്‍ കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി എ ടി ജോര്‍ജിന് 60578 ഉം എല്‍ഡിഎഫിന്റെ ആനൂവൂര്‍ നാഗപ്പന് 60073 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 10310 വോട്ടുകളും നേടി. ആദിവാസി മേഖല അടങ്ങുന്ന പഞ്ചായത്തുകള്‍ അടക്കം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പാറശാല കുന്നത്തുകാല്‍, കൊല്ലയില്‍, വെള്ളറട, ആര്യന്‍കോട്, കള്ളിക്കാട്, ഒറ്റശേഖര മംഗലം, പെരുങ്കടവിള, അമ്പൂരി തുടങ്ങിയ 9 പഞ്ചായത്തുള്‍ ചേര്‍ന്നതാണ് പാറശാല നിയോജകമണ്ഡലം. നിലവില്‍ പാറശാലയില്‍ സ്ഥാനാര്‍ഥി പര്യടനവും തുടങ്ങി കഴിഞ്ഞു. യുഡിഎഫില്‍ എ ടി ജോര്‍ജും, എല്‍ഡിഎഫില്‍ സി കെ ഹരീന്ദ്രനും, ബിജെപിക്ക് കരമന ജയനുമാണ് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ തവണ എ ടി ജോര്‍ജ് 502 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. മുന്നണികള്‍ സാമുദായിക വോട്ടുകളാണ് ലക്ഷ്യം വയ്ക്കുന്നത്. നാടാര്‍, നായര്‍ ഭൂരിപക്ഷമുള്ള പാറശാലയില്‍ ജാതി വോട്ടുകള്‍ നിര്‍ണായകമാണ്. കുടുംബ യോഗങ്ങളും ഗൃഹസന്ദര്‍ശനുമായി സ്ഥാനാര്‍ഥികള്‍ രംഗത്തെത്തി കഴിഞ്ഞു. ചൂട് ഭീഷണിയാണെങ്കിലും മുഴുവന്‍ വോട്ടര്‍മാരേയും നേരില്‍ കാണണമെന്ന വാശിയിലാണ് സ്ഥാനാര്‍ഥികള്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടെങ്കിലും യുഡിഎഫും പ്രതീക്ഷയിലാണ്.
Next Story

RELATED STORIES

Share it