Flash News

അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക് ഷെല്ലാക്രമണം



ജമ്മു: ജമ്മു കശ്മീരില്‍ രാജൗരി ജില്ലയിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സേന കനത്ത ഷെല്ലാക്രമണം നടത്തി. ഷെല്ലാക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന 1000 പേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിച്ചുമാറ്റി.  ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് രജൗരി മേഖലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സേന ആക്രമണം തുടങ്ങിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യന്‍സേന കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സേനയുടെ ആക്രമണം ഏഴിലേറെ ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്നും രജൗരി ഡെപ്യൂട്ടി കമ്മീഷണര്‍ ശാഹിദ് ഇക്ബാല്‍ ചൗധരി അറിയിച്ചു.  ദുരിതാശ്വാസ ക്യാംപുകളിലെ കുടിയേറ്റക്കാരുടെ എണ്ണം 978 ആയി ഉയര്‍ന്നിട്ടുണ്ട്. നൗഷേര മേഖലയിലെ 51 വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. മന്‍ജകോട്ട്, ദുംഗി മേഖലകളിലെ 36 സ്‌കൂളുകള്‍ മൂന്ന് ദിവസത്തേക്കാണ് അടച്ചത്. രജൗരിയില്‍ ആകെ 87 സ്‌കൂളുകളാണുള്ളത്. ഇവിടങ്ങളില്‍ 4,600 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പാകിസ്താന്‍ സേനയുടെ ഷെല്ലുകള്‍ പതിച്ച ഗ്രാമങ്ങളില്‍ നിന്ന് ഒഴിച്ചുമാറ്റിയവരെ രജൗരി ജില്ലാ ഭരണകൂടം നിര്‍മിച്ച വിവിധ ക്യാംപുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും പ്രഥമശുശ്രൂഷയും നല്‍കുന്നുണ്ട്.  ഇപ്പോള്‍ മൂന്ന് ക്യാംപുകളാണുള്ളത്. ഷെല്ലാക്രമണത്തിനിരയായ ഗ്രാമങ്ങളില്‍നിന്ന് കൂടുതല്‍ പേര്‍ കുടിയേറുമെന്ന പ്രതീക്ഷയില്‍ 28 ക്യാംപുകള്‍ കൂടി നിര്‍മിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ മാറ്റുന്നതിനും ചികില്‍സ നല്‍കുന്നതിനും ആറ് ആംബുലന്‍സുകള്‍ ഉപയോഗിച്ചുവരുകയാണ്. ഒരു മൊബൈല്‍ മെഡിക്കല്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസക്യാംപില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 120 ഓളം ഓഫിസര്‍മാരെയും നിയോഗിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് അടിയന്തര ദുരിതാശ്വാസ- സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തിന് നൗഷേര സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഓഫിസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ശനിയാഴ്ച പാകിസ്താന്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ മരിച്ചിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it