അതിര്‍ത്തിയില്‍ പാക് വെടിവയ്പ്; നാല് നാട്ടുകാരും ജവാനും മരിച്ചു

ജമ്മു: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സേന ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കും കാവല്‍പ്പുരകള്‍ക്കും നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ നാലു നാട്ടുകാരും ബിഎസ്എഫ് ജവാനും മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലാണ് വന്‍തോതില്‍ ഷെല്ലാക്രമണം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. അതിര്‍ത്തിയില്‍ ഇത് തുടര്‍ച്ചയായി മൂന്നാംദിവസമാണ് പാക് ആക്രമണം നടക്കുന്നത്. ആര്‍എസ് പുര, ബ്രിഷ്‌ന, അര്‍ണിയ മേഖലകളില്‍ ഷെല്ലാക്രമണവും വെടിവയ്പുമുണ്ടായി. ബിഎസ്എഫ് ഭടന്‍മാര്‍ തിരിച്ചടിച്ചിട്ടുണ്ട്. സീതാറാം ഉപാധ്യായ (28) എന്ന സൈനികനാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് പാക് സൈനികര്‍ ആക്രമണം തുടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ഉപാധ്യായ ജമ്മുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ഇദ്ദേഹം ജാര്‍ഖണ്ഡിലെ ഗിരിധി സ്വദേശിയാണ്. വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍എസ് പുര, അര്‍ണിയ മേഖലകളിലുണ്ടായ ഷെല്ലാക്രമണത്തിലാണ് നാല് നാട്ടുകാര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്ന് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ മന്‍ഹാത്ത് അറിയിച്ചു. വ്യാഴാഴ്ച കഠ്‌വ, സാംബ ജില്ലകളിലുണ്ടായ പാക് വെടിവയ്പില്‍ രണ്ടു നാട്ടുകാര്‍ക്കും ബിഎസ്എഫ് ജവാനും പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it