palakkad local

അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലിസിന്റെ അഴിഞ്ഞാട്ടം

പാലക്കാട്: കേരള തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടിയിലെ വിവാദ മദ്യഷാപ്പ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ തമിഴ്‌നാട് പോലിസിലെ ഒരു വിഭാഗത്തിന്റെ ശ്രമം. തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പിനെതിരെ കേരളത്തില്‍ സമരം നടക്കുകയും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ മദ്യഷാപ്പ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.
എന്നാല്‍ തീരുമാനത്തിനെതിരെ തമിഴ്‌നാട് പോലിസിലെ ഒരുവിഭാഗവും നാട്ടുകാരും കേരള അതിര്‍ത്തി കടന്ന് ആനക്കട്ടിയിലെ ലോട്ടറി കടകളില്‍ നിന്നും ലോട്ടറികള്‍ കെട്ടുകളോടെ എടുത്തുകൊണ്ടുപോയി. തമിഴ്‌നാട്ടില്‍ മദ്യം പാടില്ലെങ്കില്‍ കേരളത്തില്‍ ലോട്ടറിയും വില്‍ക്കേണ്ടെന്നു പറഞ്ഞാണ് പോലിസുകാര്‍ ലോട്ടറി എടുത്തുകൊണ്ടുപോയത്. ആനക്കട്ടിയിലെ മദ്യഷാപ്പ് തുറന്നുപ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടായില്ലെങ്കില്‍ കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്ന് ഒരു വാഹനവും തമിഴ്‌നാട്ടിലെത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇന്നലെ തമിഴ്‌നാട് അതിര്‍ത്തിക്കപ്പുറത്ത് ഹര്‍ത്താലും വാഹനങ്ങള്‍ തടയലും ഉണ്ടായി. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ആനക്കട്ടിയിലെ മദ്യഷാപ്പിനെതിരെ ആദിവാസി സംഘടനയായ തായ്ക്കുലം സംഘം സമരം ചെയ്തുവരികയായിരുന്നു. സമരത്തിന്റെ ഭാഗമായി ഈ മാസം 11നു അട്ടപ്പാടിയില്‍ തായ്ക്കുലസംഘത്തിന്റെ നേതൃത്വത്തില്‍ ഹര്‍ത്താലും തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് സമരവും നടന്നിരുന്നു.
പ്രശ്‌നം രൂക്ഷമായി അന്തര്‍സംസ്ഥാന വിഷയമാകുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ മദ്യഷാപ്പ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്നലെ തമിഴ്‌നാട് എക്‌സൈസ് സംഘം പോലിസ് അകമ്പടിയോടെ മദ്യഷാപ്പ് പൂട്ടി സീല്‍ ചെയ്തത്. ഇത് തടയാനെത്തിയ പ്രദേശവാസികളുടെ പ്രതിഷേധത്തെ നേരിട്ടാണ് മദ്യഷാപ്പ് പൂട്ടി സീല്‍ ചെയ്തത്. മദ്യഷാപ്പ് പൂട്ടുന്ന സംഘത്തിന് സംരക്ഷണം നല്‍കാനെത്തിയ പോലിസുകാര്‍ തന്നെയാണ് കേരള അതിര്‍ത്തിയിലേക്ക് കടന്ന് ലോട്ടറിക്കെട്ടുകള്‍ എടുത്തുകൊണ്ടുപോയത്. മദ്യനിരോധിത മേഖലയായ അട്ടപ്പാടിയില്‍ രണ്ടുപതിറ്റാണ്ടിലേറേയായി മദ്യം ലഭിച്ചിരുന്നില്ല. പ്രദേശത്ത് സമ്പൂര്‍ണ്ണമദ്യനിരോധനം പ്രഖ്യാപിച്ച ശേഷം ആദിവാസികള്‍ ഉള്‍പ്പെടുന്ന മദ്യപന്‍മാര്‍ ആനക്കട്ടിയിലെ തമിഴ്‌നാട് മദ്യഷാപ്പില്‍ പോയാണ് മദ്യപിച്ചിരുന്നത്. ഇക്കൂട്ടത്തിലെ ചില ആദിവാസി യുവാക്കളും മദ്യലഹരിയില്‍ മരണത്തിന് കീഴങ്ങുന്ന സാഹചര്യങ്ങളുണ്ടായപ്പോഴാണ് തായ്ക്കുലം സംഘം സമരവുമായി രംഗത്തെത്തിയത്.
രണ്ടുദിവസം മുമ്പ് മദ്യഷാപ്പ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് അധികൃതര്‍ ആനക്കട്ടിയിലെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് പൂട്ടി സീല്‍വെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് സായുധരായ പോലിസ് സംഘത്തിനൊപ്പം അധികൃതര്‍ മദ്യഷാപ്പ് പൂട്ടാനെത്തിയത്. ഇതിനുശേഷം തമിഴ്‌നാട്-പോലിസ് കേരള അതിര്‍ത്തിയില്‍ കയറി അക്രമം കാണിച്ചെങ്കിലും അവര്‍ തിരിച്ചുപോയ ശേഷമാണ് സംഭവ സ്ഥലത്ത് കേരള പോലിസ് എത്തിയതെന്ന് പരാതിയുണ്ട്. അടച്ചുപൂട്ടിയ മദ്യഷാപ്പ് തുറന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ നിന്നും ഒരു വാഹനവും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കില്ലെന്ന പ്രഖ്യാപനവുമായാണ് തമിഴ്‌നാട് പോലിസിലെ ഒരു വിഭാഗം അക്രമമഴിച്ചുവിട്ടത്.
Next Story

RELATED STORIES

Share it