Flash News

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവം : മുന്നറിയിപ്പുമായി ഇന്ത്യ



ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിവയ്പിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതിനെതിരേ ശക്തമായ തിരിച്ചടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ട്. അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചതായാണു സൂചന. പാകിസ്താന്റേത് നീചമായ പ്രവൃത്തിയാണെന്ന് ഇന്ത്യ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണഗഡി സെക്ടറിലെ നിയന്ത്രണരേഖയില്‍ പാക് റെയ്ഞ്ചര്‍മാര്‍ നടത്തിയ റോക്കറ്റാക്രമണത്തിലാണ് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിളും ഉത്തര്‍പ്രദേശ് സ്വദേശിയുമായ പ്രേം സാഗര്‍, പഞ്ചാബ് സ്വദേശിയും സൈന്യത്തിലെ നായിബ് സുബേദാറുമായ പരംജിത് സിങ് എന്നിവര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയില്‍ നിരീക്ഷണം നടത്തുകയായിരുന്ന പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം, കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കുകയായിരുന്നു. കശ്മീരില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തിനു കൃത്യസമയത്ത് മറുപടി നല്‍കുമെന്ന് കരസേനാ ഉപമേധാവി ശരത് ചന്ദ് വ്യക്തമാക്കി. മറുപടി നല്‍കേണ്ട സ്ഥലവും സമയവും പിന്നീട് തീരുമാനിക്കും.  നിലവിലെ പ്രകോപനം എന്തിനു വേണ്ടിയാണെന്നു വ്യക്തമല്ലെന്നും ശരത് ചന്ദ് കൂട്ടിച്ചേര്‍ത്തു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധസാഹചര്യങ്ങളില്‍ പോലും നടക്കാത്തതാണ് ഇത്തരം ക്രൂരതകളെന്നും ഇത് അങ്ങേയറ്റം കിരാതമാണെന്നും  പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി  പറഞ്ഞു. അതിര്‍ത്തിയിലെ വിഷയം ചര്‍ച്ചചെയ്യുന്നതിനായി ജെയ്റ്റ്‌ലി ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കരസേനാ മേധാവി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, പാകിസ്താന് തിരിച്ചടി നല്‍കാന്‍ ഏതു മാര്‍ഗവും പ്രയോഗിക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടു. ഇന്ത്യയുടെ രണ്ടു സൈനികരുടെ മൃതദേഹം വികൃതമാക്കിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. പാകിസ്താന്‍ സൈന്യത്തിന് തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ആവശ്യപ്പെട്ടു. അതേസമയം, റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട നായിബ് സുബേദാര്‍ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേംസാഗര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിന് തങ്ങള്‍ക്കു പങ്കില്ലെന്ന് പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ സഹിര്‍ ഷംഷദ് മിത്ര ഇന്ത്യന്‍ ഡിജിഎംഒ എ കെ ഭട്ടിനെ ഹോട്ട്‌ലൈനില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it