അതിന്യൂനമര്‍ദം ചുഴലിയാവില്ല; ജാഗ്രതാ നിര്‍ദേശം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തിന് തെക്കുപടിഞ്ഞാറന്‍ ദിശയില്‍ 308 കിമീ അകലെ തീവ്ര ന്യൂനമര്‍ദം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്ര ന്യൂനമര്‍ദം കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നുപോവും. എന്നാല്‍, ഇത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍, സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കേരളത്തിലും ന്യൂനമര്‍ദത്തിന്റെ അലയൊലികളുണ്ടാവും. കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനാണു സാധ്യത.
അതേസമയം, ഇന്നും കേരളതീരത്തു നിന്ന് 10 കിലോമീറ്റര്‍ അകലെ നാലു മുതല്‍ 5.6 മീറ്റര്‍ വരെ ഉയരത്തില്‍ വന്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അറിയിച്ചു. ഇന്നു മധ്യകേരളത്തിലും മലയോരമേഖലയിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്നലെ വിവിധ ജില്ലകളില്‍ രാത്രിയിലും പുലര്‍ച്ചെയുമായി ചെറിയതോതില്‍ മഴ ലഭിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഇന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ന്യൂനമര്‍ദം ദിശമാറി കേരളതീരത്ത് നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ചുഴലിയായി പരിണമിച്ചാല്‍ അതിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it