അതിജീവന സാധ്യതകള്‍ക്കുപോലും ഇടമില്ലാതെ ആദിവാസി ഗോത്രകലകള്‍

ജംഷീര്‍  കൂളിവയല്‍

തൃശൂര്‍: അറുപതാണ്ടോടടുക്കുന്ന സ്‌കൂള്‍ കലോല്‍സവ ചരിത്രത്തില്‍ ഇനിയും ഇടംനേടാന്‍ കഴിയാതെ ആദിവാസി ഗോത്രകലാരൂപങ്ങള്‍. ഔദാര്യപൂര്‍ണമായ പ്രഖ്യാപനങ്ങളൊഴിച്ചാല്‍ അതിജീവനസാധ്യതപോലും ആദിവാസി ഗോത്രകലാരൂപങ്ങള്‍ക്ക് കല്‍പ്പിച്ചുകിട്ടുന്നില്ല. സാമുദായികാടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും ഭാഷാന്യൂനപക്ഷമെന്ന പരിഗണനയിലും വരെ വിവിധ കലാരൂപങ്ങള്‍ അരങ്ങിലെത്തുമ്പോഴാണ് കാലനിര്‍ണയം നടത്താന്‍പോലും കഴിയാത്ത പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന ആദിവാസി ഗോത്രകലാവിഷ്‌കാരങ്ങളോട് കലോല്‍സവ വേദികള്‍ അയിത്തം തുടരുന്നത്.
ഗദ്ദിക, വട്ടംകളി, മുതുവന്‍കളി തുടങ്ങി കലാപരവും സാംസ്‌കാരികപരവുമായ ഏറെ സവിശേഷതകളുള്ള കലാരൂപങ്ങള്‍ ഇന്നും പടിക്കുപുറത്താണ്. ശക്തമായ പ്രതിഷേധത്തിനും നിരവധി നിവേദനങ്ങള്‍ക്കുമൊടുവില്‍ രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തിന്റെ വേദിയില്‍ ഗോത്രകലാരൂപങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. കലോല്‍സവ മാന്വല്‍ പരിഷ്‌കരിച്ച് മല്‍സര ഇനമാക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും പ്രാവര്‍ത്തികമായില്ല.
ഗോത്രവര്‍ഗക്കാരുടെ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്നു മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ചു നടപടിയുണ്ടായത്. കിര്‍ത്താഡ്‌സിന്റെ ആഭിമുഖ്യത്തില്‍ 50,000 രൂപ ചെലവഴിച്ച് പ്രത്യേകം പരിശീലനം നല്‍കിയാണ് മല്‍സരാര്‍ഥികളെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പണിയനൃത്തം അവതരിപ്പിക്കുന്നതിന് വയനാട് ജില്ലയില്‍നിന്ന് അഞ്ചു സ്‌കൂളുകളെയും മംഗലംകളി അവതരിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലയില്‍നിന്ന് രണ്ടു സ്‌കൂളുകളെയും അട്ടപ്പാടിയില്‍നിന്ന് ഇരുളനൃത്തം അവതരിപ്പിക്കാന്‍ ഒരു സ്‌കൂളിനെയും ഇടുക്കി ജില്ലയില്‍നിന്ന് പളിയനൃത്തം, മലപ്പുലയ ആട്ടം എന്നിവ അവതരിപ്പിക്കാന്‍ രണ്ടു സ്‌കൂളുകളെയും തിരഞ്ഞെടുത്തത്. എന്നാല്‍, തുടര്‍നടപടികളൊന്നുമുണ്ടായില്ല.
ജനസംഖ്യയില്‍ ആദിവാസി വിഭാഗങ്ങള്‍ നിര്‍ണായകമായ ജില്ലകളില്‍പ്പോലും സ്‌കൂള്‍, കോളജ് തലങ്ങളില്‍ നടത്തപ്പെടുന്ന കലോല്‍സവങ്ങളില്‍ ആദിവാസി ഗോത്രകലകള്‍ ഒന്നുപോലും ഉള്‍പ്പെടുത്താറില്ല. നഗരകേന്ദ്രീകൃതമായതിനാല്‍ മുഖ്യധാരയുടെ ഉല്‍സവവേദികളിലെ കാഴ്ചക്കാര്‍പോലുമാവാനാവാതെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ചുരുങ്ങുകയാണ്. കലോല്‍സവവേദികള്‍ ജനാധിപത്യത്തിന്റെയും സാമുദായിക സമത്വത്തിന്റെയും വേദികളും കലയുടെ അതിജീവനവേദികളും ആവണമെങ്കില്‍ ആദിവാസി ഗോത്രകലാരുപങ്ങള്‍ക്കും അതില്‍ ഒരിടം വേണമെന്ന വാദം ശക്തമാണ്.
Next Story

RELATED STORIES

Share it