wayanad local

അണ പൊട്ടിയൊഴുകി..അണയ്ക്ക് വേണ്ടി പിരിഞ്ഞവരുടെ ഓര്‍മകള്‍



മാനന്തവാടി: തൊണ്ണൂറ് വയസ്സ് കഴിഞ്ഞ അമ്മിണിയമ്മ പ്രായത്തിന്റെ പരാധീനതകള്‍ വകവെക്കാതെ മരുമക്കളുടെ സഹായത്തോടെയാണ് വന്നിറങ്ങിയത്. പരസഹായത്തോടെ പതുക്കെനടന്നു നീങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്നും ഓടിയത്തി കെട്ടിപ്പിടിച്ചു കൊണ്ടൊരു ചോദ്യം.അറിയാവോ?...ഏറെ നേരം കെട്ടിപ്പിടിച്ച് മുഖത്ത് സൂക്ഷിച്ച നോക്കിയ ശേഷം കണ്ണുനീര്‍ പൊഴിച്ച് കൊണ്ട് തിരിച്ചൊരു കെട്ടപ്പിടുത്തമായിരുന്നു ചോദ്യത്തിനുള്ള മറുപടി. തരിയോടെന്ന കുടിയേറ്റ ഗ്രാമത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണീര്‍പൊഴിച്ചു കൊണ്ട് നിരവധി സംഗമമുഹൂര്‍ത്തങ്ങള്‍ക്കാണ് ഇന്നലെ പത്താം മൈല്‍ എസ്എഎല്‍പി സ്‌കൂള്‍ പരിസരം സാക്ഷ്യം വഹിച്ചത്. ബാണാസുര ഡാം റിസര്‍വ്വൊയറിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട തരിയോട് നിവാസികളുടെ സംഗമമാണ് വേറിട്ട അനുഭവമായത്. ബാണാസുരസാഗര്‍ പദ്ധതിക്കുവേണ്ടി മൂന്നു പതിറ്റാണ്ടു മുമ്പ് തരിയോട് പഞ്ചായത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കൃഷിഭൂമികളില്‍നിന്ന് ഒഴിഞ്ഞുപോയ കുടുംബങ്ങളിലെ അംഗങ്ങളാണ് ഒരിക്കല്‍ക്കൂടി വീണ്ടും കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും ഒത്തുചേര്‍ന്നത്. മൂന്ന് പതിറ്റാണ്ടു മുമ്പ് അയല്‍ വാസികളായി കഴിഞ്ഞവര്‍, കൂട്ടുകച്ചവടവും കൂട്ടുകൃഷിയും നടത്തിയവര്‍, കാടിനോടും കാട്ടുമൃഗങ്ങളോടും ഒരുമിച്ച് നിന്നു പോരടിച്ച് ജീവിതം കരുപ്പിടിപ്പിച്ചവര്‍, ചെറുത്തു നില്‍പ്പുകള്‍ പരാജയപ്പെട്ടപ്പോള്‍ അധ്വാനിച്ചുണ്ടാക്കിയ മണ്ണുപേക്ഷിച്ച് പലവഴി പിരിഞ്ഞവര്‍, അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ വികാരപ്രകടനങ്ങള്‍ പലവിധത്തിലായിരുന്നു. ചിലര്‍ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ഓര്‍മകള്‍ പുതുക്കി. മറ്റു ചിലര്‍ കാലം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പസ്പരം പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഇനിയും ചിലര്‍ നിര്‍വികാരരായ പഴയകാല അനുഭവങ്ങള്‍ ഓര്‍മിച്ചെടുത്തു. സെല്‍ഫിയെടുത്തും ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയും ശേഷിക്കുന്ന കാലം സൂക്ഷിക്കാന്‍ പലരും വഴി കണ്ടെത്തി.സംഘാടകര്‍ പ്രതീക്ഷതിനപ്പുറം 1780 പേരാണ് പൂര്‍വ സൗഹൃദം പുതുക്കാനയെത്തിയത്.
Next Story

RELATED STORIES

Share it