palakkad local

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അനര്‍ഹര്‍ക്കു പരീക്ഷാ സഹായികള്‍

എം വി വീരാവുണ്ണി

പട്ടാമ്പി: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ പരിപൂര്‍ണ എ പ്ലസ് ലഭിക്കാന്‍ വേണ്ടി അണ്‍ എയ്ഡഡ് സ്‌കൂളുകാര്‍ അനര്‍ഹര്‍ക്കായി വ്യാപകമായി സഹായികളെ വച്ചതായി പരാതി. വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ആവശ്യപ്പെടാതെ സ്‌കൂളുകള്‍ മാനേജുമെന്റിന്റേയും അധ്യാപകരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരം സഹായികളെ വച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാനസികമായോ ശാരീരികമായോ വൈകല്യമുള്ളവരോ അല്ലെങ്കില്‍ പരീക്ഷാ കടലാസില്‍ സ്വന്തമായി എഴുതാന്‍ കഴിയാത്തവരോ ആയ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന അപൂര്‍വമായ ഇളവ് ദുരുപയോഗം ചെയ്താണ് കച്ചവട താല്‍പര്യം മുന്‍നിര്‍ത്തി ചില അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ അത് ദുരുപയോഗം ചെയ്യുന്നത്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ വിശദമായ പരിശോധനയില്‍ 70 ശതമാനത്തിലധികം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ സൗകര്യം അനുവദിക്കാന്‍ പാടുള്ളൂ. എസ്എസ്എല്‍സിക്കാരാണ് സഹായികളെവെക്കുന്നതെങ്കില്‍ 9ാം ക്ലാസോ അതിന് താഴേയോ വിദ്യാഭ്യാസമുള്ളവരെ മാത്രമേ പാടുള്ളൂ. ഈ നിര്‍ദേശത്തെ മറികടക്കാന്‍ വേണ്ടി 9ാം ക്ലാസില്‍ മെറിറ്റില്‍ 90-95 ശതമാനം മാര്‍ക്ക് കിട്ടാവുന്ന കുട്ടികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം കൊടുത്ത് പരീക്ഷാ സഹായികളായി നിയമിച്ചതും കണ്ടെത്തി. ഇതിനുപുറമെ സഹായികളായവര്‍ പരീക്ഷാര്‍ഥിയോട് ചോദ്യം വായിച്ചതിന് ശേഷം പരീക്ഷാര്‍ഥം ഉത്തരം എഴുതണമെന്നാണ്് നിയമം. പക്ഷെ ഇവിടെ സംഭവിക്കുന്നത് നേരെ തിരിഞ്ഞ രൂപത്തിലാണ്. സഹായി തന്നെ ചോദ്യം വായിക്കുകയും ഉത്തരം എഴുതലും. പരീക്ഷാര്‍ഥി വെറും കാഴ്ചക്കാരനും. സാധാരണഗതിയില്‍ എഴുതാന്‍ വയ്യാത്ത കുട്ടികള്‍ക്ക് (ഡിസേബിള്‍) സഹായിയെ വെക്കുന്നത് ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലാണ് നടക്കുന്നത്. എന്നാല്‍ ഇത്തരം പരീക്ഷാ മാഫിയക്കാര്‍ ഇടപെട്ട് കഴിഞ്ഞ വര്‍ഷവും ഈ അധ്യയന വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് സഹായികളെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഇതുകാരണം പൊതുവിദ്യാഭ്യാസ വകുപ്പിന് നിജസ്ഥിതി അന്വേഷിക്കാന്‍ സമയം ലഭിക്കുന്നില്ലെന്ന് ഒരുന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ പരീക്ഷയെഴുതിയവരില്‍ 100 ശതമാനം എ പ്ലസ് ലഭിച്ചതാണ് ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിച്ചത്. ഈ വര്‍ഷവും കര്‍ശനമായ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
Next Story

RELATED STORIES

Share it