kannur local

അണ്‍ എയ്ഡഡ് സ്‌കൂളുകളിലും സ്വാശ്രയ കോളജുകളിലും തൊഴില്‍ ചൂഷണം



ചെറുപുഴ: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലും സ്വാശ്രയ കോളജുകളിലും വന്‍ തൊഴില്‍ ചൂഷണം. തുച്ഛമായ ശമ്പളവും കഠിന ജോലിയും ആനുകൂല്യ നിഷേധവുമാണ് ഇത്തരം സ്ഥാപനങ്ങളുടെ മുഖമുദ്ര. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള സ്‌കെയില്‍ സംബന്ധിച്ച് ഹൈക്കോടതി രണ്ടുവര്‍ഷം മുമ്പ് തന്നെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും 95 ശതമാനം സ്ഥാപനങ്ങളും ഇതു നടപ്പാക്കുന്നില്ല. മാത്രവുമല്ല, ജീവനക്കാരെ പിരിഞ്ഞുപോവുന്നതിന് നിര്‍ബന്ധിച്ചും പിരിച്ചുവിടല്‍ ഭീഷണി നടത്തിയും ഇത്തരം അണ്‍എയ്ഡ് അധ്യാപകര്‍ക്ക് ശമ്പളമായി ലഭിക്കുന്നത് 5000 രൂപയില്‍ താഴെയാണ്. അനധ്യാപക ജീവനക്കാര്‍ക്ക് രണ്ടായിരം രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് അരലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കുമ്പോഴാണ് അണ്‍ എയ്ഡഡ് മേഖലയിലെ വിവേചനം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലും ഒരേ ജോലിഭാരമാണുള്ളത്. പല അണ്‍ എയ്ഡഡ് സ്‌കൂളുകളും എല്ലാ വര്‍ഷവും കുട്ടികളോട് പ്രവേശനഫീസും ഡൊണേഷനും വാങ്ങുന്നുണ്ട്. ഇത് ഓരോ കുട്ടിയോടും ശരാശരി 10000 രൂപയോളമാണ്. ചില അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കുട്ടികളോട് ടിസി നല്‍കുമ്പോള്‍ പോലും കാശ് വാങ്ങുന്നുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളേക്കാള്‍ ദയനീയമാണ് സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെ അവസ്ഥ. യുജിസി നിഷ്‌കര്‍ഷിക്കുന്ന നെറ്റ് ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ ഉള്ളവര്‍ക്ക് പോലും എട്ടായിരം രൂപയോളമാണ് ശമ്പളം. സര്‍ക്കാര്‍ കോളജ് അധ്യാപകര്‍ക്ക് ഒരു മാസം ലഭിക്കുന്ന ശമ്പളം പോലും സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്നില്ല. ചില സ്വാശ്രയ സ്ഥാപനങ്ങള്‍ അവശ്യമായ യോഗ്യതപോലുമില്ലാത്ത അധ്യാപികമാര്‍ക്ക് ശമ്പളം കൂടുതലായി നല്‍കുന്നുണ്ട്. സംസ്ഥാനത്താകെ കാല്‍ലക്ഷത്തോളം അധ്യാപകര്‍ സ്വാശ്രയകോളജുകളില്‍ ജോലി ചെയ്യുന്നുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ ഇത് ഒരുലക്ഷത്തിലധികം വരും. സ്വാശ്രയ കോളജുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെ കെ ദിനേശന്റെ നേതൃത്വത്തിലുളള കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നാല് മാസത്തിനകം കമ്മീഷന്‍ റിപോര്‍ട്ട് പൂര്‍ത്തിയാക്കും. കമ്മീഷന്‍ റിപോര്‍ട്ട് ലഭിച്ചലുടന്‍ സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it