അണ്ണാ ഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ചു

ചെന്നൈ: ടി ടി വി ദിനകരനോട് അടുപ്പം പുലര്‍ത്തുന്ന 18 വിമത അണ്ണാ ഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി ധനപാലിന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഗവര്‍ണറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി കെ പളനിസ്വാമിയില്‍ അവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം 18 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പിച്ചത്. കഴിഞ്ഞവര്‍ഷം സപ്തംബര്‍ 18നായിരുന്നു സംഭവം. ഇതിനെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതിയുടെ രണ്ടംഗ ഡിവിഷന്‍ ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അയോഗ്യത ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുന്ദര്‍ എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. പിന്നീട് സുപ്രിംകോടതി ജസ്റ്റിസ് എം സത്യനാരായണനെ കേസ് കേള്‍ക്കാന്‍ നിയമിച്ചു. സ്പീക്കര്‍ ധനപാലിന്റെ ഉത്തരവ് ശരിവച്ച ബാനര്‍ജിയുടെ വിധിയില്‍ യാതൊരു തെറ്റുമില്ലെന്ന് ജസ്റ്റിസ് സത്യനാരായണ പറഞ്ഞു. സ്പീക്കര്‍ ഉത്തരവ് പുറപ്പെടുവിച്ച സമയത്തുള്ള എല്ലാ വസ്തുതകളും പരിഗണിച്ചതായും അനന്തരമുണ്ടായ സംഭവങ്ങള്‍ കോടതിക്ക് പരിശോധിക്കാന്‍ സാധിക്കില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it