Flash News

അണ്ണാ ഡിഎംകെ(അമ്മ)യില്‍ ഭിന്നത രൂക്ഷം ; 25 എംഎല്‍എമാര്‍ ദിനകരന്‍ പക്ഷത്ത്‌



ചെന്നൈ: അഴിമതിക്കേസില്‍ ടി ടി വി ദിനകരന്‍ ജാമ്യത്തിലിറങ്ങിയതോടെ അണ്ണാ ഡിഎംകെ രാഷ്ട്രീയം പുതിയ ഘട്ടത്തിലെത്തി. തിങ്കളാഴ്ച പത്തിലേറെ അണ്ണാ ഡിഎംകെ (അമ്മ) എംഎല്‍എമാര്‍ ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ദിനകരന്റെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടത് 15 എംഎല്‍എമാരാണ്. ഇപ്പോള്‍ 25 എംഎല്‍എമാര്‍ ദിനകരന്റെ പക്ഷത്താണ്. എണ്ണം ഇനിയും കൂടാനാണു സാധ്യത.പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാനാണ് ദിനകരന്റെ വസതിയിലെത്തിയതെന്നും അത് ഗ്രൂപ്പ് യോഗമല്ലെന്നും ആണ്ടിപ്പട്ടി എംഎല്‍എ തങ്കതമിഴ്‌ശെല്‍വം പറഞ്ഞു. ശശികല കുടുംബത്തെ തങ്ങള്‍ ഒതുക്കിയെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് അങ്ങനെ പറയാന്‍ അവകാശമില്ലെന്നായിരുന്നു എംഎല്‍എയുടെ മറുപടി. ഇ പളനിസ്വാമി ക്യാംപില്‍ ഇപ്പോള്‍ 90ലേറെ എംഎല്‍എമാരുണ്ട്. ദിനകരന്‍ പക്ഷത്ത് 25 പേരുമുണ്ട്. ഒ പന്നീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്നത് 11 എംഎല്‍എമാരാണ്. നിയമസഭയില്‍ ഭൂരിപക്ഷത്തിന് 117 എംഎല്‍എമാരുടെ പിന്തുണ വേണം. അതായത് പളനിസ്വാമി സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലാണെന്നു സാരം. ദിനകരനുമായി ധാരണയിലെത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാവും. കാത്തിരുന്നു കാണുക എന്ന നയമാണ് ഡിഎംകെ സ്വീകരിക്കുന്നത്. 14ന് നിയമസഭ ചേരാനിരിക്കുകയാണ്. അതുവരെ സര്‍ക്കാര്‍ ഉണ്ടാവുമോ എന്നാണ് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ചോദിച്ചത്. അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ വിഘടിച്ചുനില്‍ക്കെ സര്‍ക്കാരിന്റെ പതനം അനിവാര്യമാവുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.
Next Story

RELATED STORIES

Share it