palakkad local

അണ്ണക്കോടിലെ നാരായണന്‍കുട്ടിയുടെ മരണം കൊലപാതകം: മകനും സഹായിയും അറസ്റ്റില്‍

ചിറ്റൂര്‍: അണ്ണാക്കോട്ടില്‍ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ 84കാരനെ കണ്ടെത്തിയത് സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയുള്ള ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകനെയും കൊലപാതകത്തില്‍ സഹായിച്ച വ്യക്തിയെയും ചിറ്റൂര്‍ സിഐയും സംഘവും അറസ്റ്റ് ചെയ്തു. അത്തിമണി അണ്ണാക്കോട്ടില്‍ മരണപ്പെട്ട നാരായണന്‍കുട്ടി എന്ന അപ്പുവിന്റെ മകന്‍ മണികണ്ഠന്‍ (38), അണ്ണാക്കോട് തങ്കവേലുവിന്റെ മകന്‍ കൃഷ്ണസ്വാമി എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 21നാണ് ഒന്നാംപ്രതി മണികണ്ഠന്റെ പിതാവായ നാരായണന്‍കുട്ടി എന്ന അപ്പു (84)നെ വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് വെള്ളം അകത്തുചെന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ കൂടുതല്‍ മുറിവുകളുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് നാട്ടുകാരും മുന്‍ എംഎല്‍എ കെ അച്യുതനും ജില്ലാ പോലീസ് സൂപ്രണ്ട് ദോബേഷ്‌കുമാര്‍ ബെഹ്‌റക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്പി ചിറ്റൂര്‍ സിഐ വി ഹംസക്ക് പുനരന്വേഷണത്തിനു നിര്‍ദേശം നല്‍കി. സിഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് മൃഗീയ കൊലപാതകത്തിന്റെ വിവരം വെളിച്ചത്തുവന്നത്.
ഇക്കഴിഞ്ഞ ജൂലൈ 20ന് രാത്രി 10.30നാണ് നാരായണന്‍കുട്ടിയെ വകവരുത്താന്‍ മകന്‍ മണികണ്ഠന്‍ ആസൂത്രിത നീക്കം തുടങ്ങിയത്. അച്ഛനെ വകവരുത്താനായ കൃഷ്ണസ്വാമി, നാഗരാജ് എന്നിവരെ മണികണ്ഠന്‍ മദ്യം നല്‍കി വശീകരിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ കൃഷ്ണസ്വാമിയും നാഗരാജും കൃത്യനിര്‍വഹണത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് മണികണ്ഠന്റെ ഭീഷണിക്ക് കീഴടങ്ങി. ഏപ്രില്‍ 29ന് രാത്രി 10.40ന് വീടിന്റെ മുന്‍വാതില്‍ മണികണ്ഠന്‍ കൈ അകത്തിട്ട് തുറന്നു അകത്തുകിടന്നു. പിന്നീട് നാരായണന്‍കുട്ടിയെ മുണ്ടിട്ട് ദേഹം മുഴുവനും വലിഞ്ഞുമുറുക്കി വ്രണപ്പെടുത്തി. പിന്നീട് അവശനായതോടെ മര്‍ദ്ദിക്കുകയും ചെയ്തു. രാത്രി പതിനൊന്നു മണിയോടെ പിതാവിനെ വലിച്ചിഴച്ച് വീടിന് പുറത്തുകൊണ്ടുവന്ന് കിണറിന് സമീപത്തെത്തിച്ചു.
പിന്നീട് കൃഷ്ണസ്വാമിയെ കൊണ്ട് കാല്‍ഭാഗം ഉയര്‍ത്താന്‍ പറഞ്ഞ് തലഭാഗത്തോട് ചേര്‍ത്തുപിടിച്ച് ജീവനോടെ പിതാവിനെ കിണറ്റില്‍ തള്ളുകയാണുണ്ടായത്. സംഭവത്തിനു ശേഷം ഏറെ നാടകീയമായ രംഗങ്ങള്‍ അവതരിപ്പിച്ച് മീനാക്ഷിപുരം പോലീസ് വിശ്വസിച്ച് കേസ് അവസാനിപ്പിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നാരായണന്‍കുട്ടിയുടെ പേരിലുള്ള അഞ്ചര ഏക്കര്‍ സ്വത്ത് വില്‍പ്പന നടത്തി ഏഴുമക്കള്‍ക്കും വിഹിതംവെക്കാന്‍ തീരുമാനിച്ചിരുന്നു.
ഏക്കറിന് 25ലക്ഷം നിരക്കില്‍ വില്‍പ്പന നടത്താനും ഇത് മക്കള്‍ക്കും തനിക്കും തുല്യപങ്കാളിയായി വീതംവെക്കാനുമാണ് നാരായണന്‍കുട്ടി തീരുമാനിച്ചിരുന്നത്. മണികണ്ഠന്‍ സ്വത്ത് മുഴുവന്‍ 25ലക്ഷം നിരക്കില്‍ താന്‍ തന്നെ വാങ്ങാമെന്നും ഇതിനു അഡ്വാന്‍സ് പത്തുലക്ഷം ഏപ്രില്‍ 21ന് തരാമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ കയ്യില്‍ പണമില്ലാതിരുന്ന മണികണ്ഠന്‍ സ്വത്ത് കൂടുതലും അപഹരിക്കാനാണ് ആസൂത്രിത കൊലപാതകം നടത്തിയതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്്. ഈ സംഭവത്തില്‍ നാഗരാജിനെ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നതിനാല്‍ കൊലപാതകത്തിന് സാക്ഷിയാക്കിരിക്കുകയാണ്.
Next Story

RELATED STORIES

Share it