Flash News

അണ്ടര്‍ 20 ലോകകപ്പ് : പോര്‍ച്ചുഗലും വെനസ്വേലയും ക്വാര്‍ട്ടറില്‍



ചിയോനന്‍: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ വെനസ്വേലയും പോര്‍ച്ചുഗലും ക്വാര്‍ട്ടറിലേക്ക്. ഇന്നലെ നടന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് പോര്‍ച്ചുഗല്‍ അവസാന എട്ടില്‍ കടന്നത്. എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒറ്റ ഗോളിലാണ് വെനസ്വേല ജപ്പാനെ മടക്കിയയച്ചത്.ഗ്രൂപ്പ് സ്റ്റേജില്‍ നിന്ന് രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്ന ആതിഥേയര്‍ക്ക് പക്ഷേ, പറങ്കിപ്പടയ്‌ക്കെതിരേ അടിതെറ്റി. പന്തടക്കത്തിലും ഗോള്‍ശ്രമങ്ങളിലും മുന്നിലായിരുന്നിട്ടും ദക്ഷിണ കൊറിയയ്ക്ക് ജയിക്കാനായില്ല. ആദ്യ മിനിറ്റില്‍ തന്നെ നയം വ്യക്തമാക്കിയ പോര്‍ച്ചുഗല്‍ 10ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. ക്‌സാഡസിന്റെ ഗോളില്‍ മുന്നിലെത്തിയ സന്ദര്‍ശകര്‍ക്ക് വേണ്ടി 27ാം മിനിറ്റില്‍ ബ്രൂണോ കോസ്റ്റയും ഗോള്‍ പായിച്ചു. അതോടെ ആദ്യപകുതി പിരിയുമ്പോള്‍ രണ്ട് ഗോളിന്റെ ആധിപത്യത്തില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. പകരക്കാരെ കളത്തിലിറക്കി രണ്ടാംപകുതി നേരിട്ടെങ്കിലും ദക്ഷിണ കൊറിയന്‍ ശ്രമങ്ങള്‍ പാഴാവുകയായിരുന്നു. അതിനിടെ 69ാം മിനിറ്റില്‍ തന്റെ രണ്ടാംഗോളിലൂടെ ക്‌സാഡസ് പോര്‍ച്ചുഗലിന് മൂന്ന് ഗോള്‍ ആധിപത്യം സമ്മാനിച്ചു. തോല്‍വി ഉറപ്പാക്കിയ ആതിഥേയര്‍ക്ക് വേണ്ടി 81ാം മിനിറ്റില്‍ ലീ സാങ് ഹൂന്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് സ്റ്റേജില്‍ അപരാജിത കുതിപ്പ് കാഴ്ചവച്ച വെനസ്വേല ജപ്പാന് മുന്നില്‍ ആദ്യമൊന്ന് പതറിയെങ്കിലും അധികസമയത്ത് ജയം നേടിയെടുക്കുകയായിരുന്നു. പന്തടക്കത്തില്‍ അച്ചടക്കത്തോടെ മുന്നില്‍ നിന്ന ജപ്പാന്‍ ഇരുപകുതികളിലായി വെനസ്വേലയെ പിടിച്ചുകെട്ടുകയായിരുന്നു. 13 തവണ ഗോളിന് ശ്രമിച്ച വെനസ്വേലയെ കരുത്തുറ്റ ജപ്പാന്‍ പ്രതിരോധവും ഗോള്‍ കീപ്പറും ചേര്‍ന്ന് നിരാശരാക്കി. ഗോള്‍രഹിതമായി അവസാനിച്ച മല്‍സരം അധിക സമയത്തേക്ക് കടന്നപ്പോള്‍ 108ാം മിനിറ്റില്‍ വെനസ്വേലയുടെ പരിശ്രമം വിജയം കണ്ടു. ലൂസെനയുടെ അസിസ്റ്റില്‍ മിഡ്ഫീല്‍ഡര്‍ യാംഗെല്‍ ഹെറേറ ജപ്പാന്‍ വല കുലുക്കി. ഒറ്റഗോളിന്റെ ആധിപത്യത്തില്‍ മുന്നിലെത്തിയ വെനസ്വേല പിന്നീട് പ്രതിരോധം ബലപ്പെടുത്തി ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തം പോക്കറ്റിലാക്കി.
Next Story

RELATED STORIES

Share it