Flash News

അണ്ടര്‍ 20 ലോകകപ്പ് : തോല്‍ക്കാതെ ഉറുഗ്വേ പ്ലേഓഫില്‍ ; ഇറ്റലിക്ക് ആദ്യ ജയം



കൊറിയ റിപബ്ലിക്: അണ്ടര്‍ 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ രണ്ടാംറൗണ്ട് അവസാനിക്കെ, ജയത്തോടെ ഉറുഗ്വേ പ്ലേഓഫില്‍. ജപ്പാനെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിലാണ് ഉറുഗ്വേയുടെ ജയം. ആദ്യമല്‍സരത്തില്‍ പരാജയപ്പെട്ട ഇറ്റലി ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെയും ജയം. ഇറാനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് സാംബിയ പരാജയപ്പെടുത്തിയപ്പോള്‍, കോസ്റ്ററിക്ക- പോര്‍ച്ചുഗല്‍ മല്‍സരം സമനിലയില്‍ കലാശിച്ചു (1-1). ഒരു ജയം കൈമുതലായിരുന്ന ജപ്പാന്‍, ഉറുഗ്വേ ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാന്‍ ഇന്ന് വിജയം അനിവാര്യമായിരുന്നു. സ്റ്റാര്‍ട്ടിങ് വിസില്‍ മുതല്‍ മല്‍സരത്തില്‍ മുന്‍തൂക്കം നേടിയ ഉറുഗ്വേ 38ാം മിനിറ്റില്‍ തന്നെ ഗോള്‍ പായിച്ചു. ഷിപ്പാകെയ്‌സിന്റെ ഗോളിന് മറുപടി നല്‍കാന്‍ പക്ഷേ, ജപ്പാന് സാധിച്ചില്ല. പിന്നീട് ജപ്പാന്‍ ആക്രമണം ശക്തമാക്കിയെങ്കിലും ആദ്യപകുതിയില്‍ തിരിച്ചടിക്കാന്‍ സാധിച്ചില്ല. പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ വച്ച് ഉറുഗ്വേ രണ്ടാംപകുതി പന്തു തട്ടിയപ്പോള്‍ ജപ്പാന്റെ ആക്രമണങ്ങള്‍ പാഴായി. അതിനൊപ്പം സ്‌ക്വാഡില്‍ മാറ്റംവരുത്തിയ ഉറുഗ്വേ ഇഞ്ച്വറി ടൈമിലാണ് രണ്ടാംഗോള്‍ നേടിയത്. 91ാം മിനിറ്റില്‍ ഒലിവെറയിലൂടെയായിരുന്നു ഗോള്‍. രണ്ട് മല്‍സരങ്ങളിലും ജയിച്ച് ഡി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനം നേടിയ ഉറുഗ്വേ ഇതോടെ പ്ലേഓഫില്‍ കടന്നു. ആദ്യമല്‍സരത്തില്‍ ഉറുഗ്വേയോട് പരാജയം സമ്മതിച്ചെങ്കിലും ഇന്നലെ ജയത്തോടെ ഇറ്റലി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 23ാം മിനിറ്റില്‍ പെനല്‍റ്റി ഗോളാക്കി മാറ്റിയ ഒര്‍സോളിനിയിലൂടെ അക്കൗണ്ട് തുറന്ന ഇറ്റലി, രണ്ടാംപകുതിയിലും ഗോള്‍ കണ്ടെത്തി. 57ാം മിനിറ്റില്‍ ഫാവിലിയാണ് രണ്ടാംവട്ടം ദക്ഷിണാഫ്രിക്കന്‍ വല ചലിപ്പിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളില്‍ മുന്നില്‍ നിന്ന ഇറാനെതിരേ രണ്ടാംപകുതിയില്‍ സാംബിയ ആഞ്ഞടിക്കുകയായിരുന്നു. ആദ്യമല്‍സരത്തില്‍ ഗോളടിച്ച ഫാഷന്‍ സകല (54ാം മിനിറ്റ്) ഇത്തവണ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചപ്പോള്‍ എനോക് മ്വേപ്പു (59), ഇമ്മാനുവല്‍ ബാന്ദ (65), പകരക്കാരനായി എത്തിയ പാട്‌സണ്‍ ഡാക്ക (71) എന്നിവരും ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മറുവശത്ത് 7, 49 (പെനല്‍റ്റി) മിനിറ്റുകളിലായി ശെകരി നേടിയ ഗോളുകളല്ലാതെ മറ്റൊന്നും നേടാന്‍ ഇറാന് സാധിച്ചില്ല. മറ്റൊരു മല്‍സരത്തില്‍ പോര്‍ച്ചുഗലിനു വേണ്ടി ഗോണ്‍സാല്‍വസും(പെനല്‍റ്റി-32) കോസ്റ്ററിക്കയ്ക്ക് വേണ്ടി ജിമ്മി മാരിനും (പെനല്‍റ്റി- 48) ഗോള്‍ നേടി.
Next Story

RELATED STORIES

Share it