Flash News

അണ്ടര്‍ 20 ലോകകപ്പ് : കരുത്ത് തെളിയിച്ച് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍



ഷ്വോനന്‍: കൗമാര ലോകകപ്പില്‍ കാല്‍പന്താരവം പ്ലേ ഓഫിലേക്ക് അടുക്കുമ്പോള്‍ വമ്പന്മാരായ ഫ്രാന്‍സിന് കരുത്തുറ്റ ജയം. ജീന്‍ കെവിന്‍ അഗസ്റ്റിന്റെ ഇരട്ടഗോളില്‍ വിയറ്റ്‌നാമിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തറപറ്റിച്ച ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഇ ഗ്രൂപ്പില്‍ ഒറ്റമല്‍സരത്തിലും തോല്‍ക്കാതെയാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിലെത്തിയത്. ഇന്നലെ നടന്ന മറ്റുമല്‍സരങ്ങളില്‍ ഹോണ്ടുറാസിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ന്യൂസിലാന്‍ഡ് തോല്‍പിച്ചപ്പോള്‍ ഇക്വഡോറിനെ സൗദി അറേബ്യയും പരാജയപ്പെടുത്തി (1-2). സെനഗലിനെതിരേ ഏകപക്ഷീയമായ ഒരു ഗോളില്‍ യുഎസ്എയും പ്ലേഓഫ് സാധ്യത നിലനിര്‍ത്തി.  ഷ്വോനനിലെ ബാക്‌സ്യോക് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ വിയറ്റ്‌നാമിനെതിരേ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് സമ്പൂര്‍ണ ആധിപത്യം പിടിച്ചെടുത്തിരുന്നു. ഏഴാം മിനിറ്റില്‍ പെനല്‍റ്റി അവസരം നഷ്ടപ്പെടുത്തിയ അഗസ്റ്റിന്‍ പ്രായശ്ചിത്തമായി 22, 45 മിനിറ്റുകളില്‍ ഇരട്ടഗോള്‍ കണ്ടെത്തുകയായിരുന്നു. അതിനൊപ്പം ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് 18ാം മിനിറ്റില്‍ മാര്‍കസ് തുറം കൂടി പങ്കുചേര്‍ന്നതോടെ ആദ്യപകുതി തന്നെ ഫ്രാന്‍സിന്റെ വിജയം കുറിക്കപ്പെട്ടിരുന്നു. ആദ്യഗോളിന് അസിസ്റ്റ് നല്‍കിയ ഡെനിസ് വില്‍ പൊഹയുടെ 52ാം മിനിറ്റിലെ ഗോളും കൂടി ചേര്‍ന്നതോടെ ഫ്രാന്‍സ് ടോപ് ഗിയറില്‍ തന്നെ ജയം പിടിച്ചെടുക്കുകയായിരുന്നു. ഇരുപകുതികളിലായി മ്യേര്‍ ബെവന്‍ നേടിയ ഇരട്ടഗോളിലായിരുന്നു ന്യൂസിലാന്‍ഡിന്റെ ജയവും. ആദ്യമിനിറ്റിലും 56ാം മിനിറ്റിലും ബെവന്‍ സ്‌കോര്‍ ചെയ്തപ്പോള്‍ 23ാം മിനിറ്റില്‍ അശ്വോര്‍ത്തും വല ചലിപ്പിച്ചു. തിരിച്ചു വരാനുള്ള പ്രതീക്ഷകളില്‍ ഹോണ്ടുറാസിനു വേണ്ടി അല്‍വാരെസ് നേടിയ 50ാം മിനിറ്റിലെ ഗോള്‍ പക്ഷേ, പാഴാവുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ സമനില സമ്മതിച്ച യുഎസ്എ ഇന്നലെ സാര്‍ജെന്റിന്റെ ഗോളിലാണ് ജേതാക്കളായത്. ഒറ്റഗോള്‍ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തിയ യുഎസ്എയാണ് എഫ് ഗ്രൂപ്പില്‍ ഒന്നാമന്‍. മൂന്നാംസ്ഥാനത്തിനായി പൊരുതുന്ന സൗദിക്ക് വേണ്ടി അബ്ദുറഹ്മാന്‍ അല്‍ യാമി ഇരട്ടഗോള്‍ നേടിയപ്പോള്‍ ഇക്വഡോറിന്റെ ആശ്വാസ ഗോള്‍ കസെയ്‌ഡോയുടെ കണ്ടെത്തലായിരുന്നു.
Next Story

RELATED STORIES

Share it