Flash News

അണ്ടര്‍ 20 ലോകകപ്പ് : ഉറുഗ്വേ, ഇംഗ്ലണ്ട്, സാംബിയ ക്വാര്‍ട്ടറില്‍



സുവോന്‍: അണ്ടര്‍ 20 ലോകകപ്പിന്റെ രണ്ടാംദിന പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വേയ്ക്കും ഇംഗ്ലണ്ടിനും സാംബിയക്കും ജയം. ആവേശകരമായ മല്‍സരത്തിനൊടുവില്‍ അധികസമയത്ത് ജര്‍മനിയെ മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സാംബിയ ക്വാര്‍ട്ടറില്‍ കടന്നത്. സൗദി അറേബ്യയ്‌ക്കെതിരേ ഉറുഗ്വേ എതിരില്ലാത്ത ഒരു ഗോളില്‍ ജയം നേടിയപ്പോള്‍ കോസ്റ്ററിക്കയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇംഗ്ലണ്ടും അവസാന എട്ടില്‍ കടന്നു. ഗോള്‍ രഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷമായിരുന്നു ഉറുഗ്വേ വിജയ ഗോള്‍ നേടിയത്. 50ാം മിനിറ്റില്‍ ഡെ ലാ ക്രൂസിന്റെ പെനല്‍റ്റിയില്‍ മുന്നിലെത്തിയ ഉറുഗ്വേയ്‌ക്കെതിരേ തിരിച്ചടിക്കാന്‍ സൗദിക്ക് സാധിച്ചില്ല. പന്തടക്കത്തില്‍ മുന്നിലായിരുന്നിട്ടും കൂടുതല്‍ ഗോളടിപ്പിക്കാതെ ഉറുഗ്വേയെ തടയുന്നതില്‍ സൗദി പ്രതിരോധം വിജയം കണ്ടെങ്കിലും സമനില ഗോള്‍ പോലും നേടാന്‍ അറേബ്യന്‍ കരുത്തിനായില്ല. പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്‍ താരം അഡെമോള ലുക്മാന്റെ ഇരട്ടഗോളിലാണ് ഇംഗ്ലണ്ട് കിരീട പ്രതീക്ഷ നിലനിര്‍ത്തിയത്. 35, 63 മിനിറ്റുകളിലായി ലുക്മാന്‍ ഇരട്ടഗോളുകള്‍ പായിച്ചപ്പോള്‍ അവസാന മിനിറ്റിലാണ് കോസ്റ്ററിക്ക ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 89ാം മിനിറ്റില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ മിഡ്ഫീല്‍ഡര്‍ റന്‍ഡല്‍ ലീല്‍ തന്നെ പന്ത് വലയിലെത്തിക്കുകയായിരുന്നു. കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ജര്‍മനിക്കെതിരേ ആഫ്രിക്കന്‍ കരുത്തരായ സാംബിയ 3-3ന് സമനില കണ്ടെത്തി. സാംബിയക്കു വേണ്ടി ഇമ്മാനുവല്‍ ബാന്‍ദ, ഫാഷന്‍ സകല, എനോക് മ്വേപ്പു എന്നിവര്‍ യഥാക്രമം 50, 68, 86 മിനിറ്റുകളിലായി ഗോള്‍ പായിച്ചു. 37ാം മിനിറ്റില്‍ ഫിലിപ്പ് ഓക്‌സിന്റെ ഗോളില്‍ മുന്നിലെത്തിയെങ്കിലും പിന്നീട് രണ്ട് ഗോളില്‍ പിന്നിലായിപ്പോയ ജര്‍മനി അവസാന നിമിഷങ്ങളിലാണ് സമനില സ്വന്തമാക്കിയത്. 89ാം മിനിറ്റില്‍ സുവത് സെര്‍ദര്‍, ഇഞ്ച്വറി ടൈമില്‍ ജോനസ് അര്‍വീലറും ഗോള്‍ പായിച്ചു. എന്നാല്‍, അധികസമയത്തേക്ക് കടന്ന മല്‍സരത്തില്‍ 107ാം മിനിറ്റില്‍ ഷെമ്മി മായെംബെ സാംബിയയെ മുന്നിലെത്തിച്ചപ്പോള്‍ ജര്‍മന്‍ മുന്നേറ്റം പ്രീക്വാര്‍ട്ടറില്‍ പര്യവസാനിച്ചു.
Next Story

RELATED STORIES

Share it