Flash News

അണ്ടര്‍ 20 ലോകകപ്പ് : ഇറ്റലിയും ഇംഗ്ലണ്ടും സെമിയില്‍



സുവോന്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ആവേശകരമായ അവസാനത്തിലേക്ക്. ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ വെനസ്വേലയ്ക്കും ഉറുഗ്വേയ്ക്കും പിന്നാലെ ഇറ്റലിയും ഇംഗ്ലണ്ടും സെമി യോഗ്യത നേടി. ഇന്നലെ നടന്ന അവസാന ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ സാംബിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇറ്റലിയും ഏകപക്ഷീയമായ ഒരു ഗോളില്‍ മെക്‌സിക്കോയെ കീഴ്‌പ്പെടുത്തി ഇംഗ്ലണ്ടും അവസാന നാലില്‍ കടന്നു. 24 വര്‍ഷത്തിനു ശേഷമാണ് ഇംഗ്ലണ്ട് അണ്ടര്‍ 20 ലോകകപ്പ് സെമിയില്‍ കടക്കുന്നത്. സുവോന്‍ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആദ്യപകുതി അധികസമയത്തേക്കു നീണ്ട മല്‍സരത്തിലാണ് ഇറ്റലി ഒറ്റ ഗോളില്‍ ആധിപത്യം നേടിയത്. ആദ്യമിനിറ്റില്‍ തന്നെ ഗോള്‍ കണ്ടെത്തിയ സാംബിയ ആദ്യപകുതി ആധിപത്യം വിട്ടുകൊടുത്തില്ല. നാലാം മിനിറ്റില്‍ മുന്നേറ്റതാരം പാട്‌സന്‍ ദാക്കയാണ് ഗോള്‍ പായിച്ചത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ 43ാം മിനിറ്റില്‍ ഗിസെപ് പെസെല്ല ഇറ്റാലിയന്‍ നിരയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. പത്തുപേരുമായി രണ്ടാംപകുതി ആരംഭിച്ച ഇറ്റലി, അഞ്ച് മിനിറ്റിനകം തന്നെ സമനില സ്വന്തമാക്കി. റിക്കാഡോ ഒര്‍സോലിനിയാണ് ലക്ഷ്യം കണ്ടത്. പിന്നീട് ആവേശത്തിന് വഴിമാറിയ മല്‍സരത്തില്‍ 84ാം മിനിറ്റില്‍ ഗോള്‍വേട്ടക്കാരന്‍ ഫാഷന്‍ സകലയിലൂടെ സാംബിയ വീണ്ടും മുന്നിലെത്തി. എന്നാല്‍, 88ാം മിനിറ്റില്‍ തിരിച്ചടിച്ച് ഫെഡെറികോ ഡിമാര്‍കോ ഇറ്റലിക്ക് സമനില സമ്മാനിച്ചു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മല്‍സരത്തില്‍ 111ാം മിനിറ്റില്‍ ലുകാ വിദോയാണ് ഇറ്റലിയെ മുന്നിലെത്തിച്ചത്. എട്ടാംതിയ്യതി നടക്കുന്ന സെമിഫൈനലില്‍ ഇറ്റലി ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ചെല്‍സി താരം ഡൊമിനിക് സോളങ്കി നേടിയ ഏകഗോളിലാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. പന്തടക്കത്തിലും ഗോള്‍ശ്രമങ്ങളിലും മുന്നില്‍ നിന്ന് പവര്‍ ഫുട്‌ബോള്‍ കളിച്ച മെക്‌സിക്കോയ്‌ക്കെതിരേ രണ്ടാംപകുതിയുടെ തുടക്കത്തില്‍ കുക്കിന്റെ അസിസ്റ്റിലാണ് സോളങ്കി വല കുലുക്കിയത്.  ഇംഗ്ലണ്ടിന്റെ ടോട്ടനം താരം ജോഷ്വാ ഒനോമയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ വുഡ്മാനാണ് മെക്‌സിക്കോ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായത്. ആദ്യദിവസ ക്വാര്‍ട്ടറില്‍ സെമിയിലെത്തിയ ഉറുഗ്വേയും വെനസ്വേലയും തമ്മിലാണ് സെമി മല്‍സരം.
Next Story

RELATED STORIES

Share it