അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: കരീബിയന്‍ കരുത്തിന് മുന്നില്‍ യുവ ഇന്ത്യ വീണു

ധക്ക: കരീബിയന്‍ കരുത്തിനു മുന്നില്‍ യുവ ഇന്ത്യ ഒടുവില്‍ മുട്ടുമടക്കി. ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലാണ് മുന്‍ ചാംപ്യന്‍മാരായ ഇന്ത്യക്ക് കാലിടറിയത്. ടൂര്‍ണമെന്റില്‍ കിരീടപ്പോരാട്ടം വരെ തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന ഇന്ത്യയെ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് കെട്ടുകെട്ടിച്ചത്.
വെസ്റ്റ് ഇന്‍ഡീസിന്റെ കന്നി യുവ ലോകകപ്പ് കിരീട നേട്ടം കൂടിയാണിത്. മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനു കീഴില്‍ നാലാം ലോക കിരീടമെന്ന റെക്കോഡ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് മോശം ബാറ്റിങും ഫീല്‍ഡിങും തിരിച്ചടിയാവുകയായിരുന്നു.
ടോസ് നേടി ഇന്ത്യയെ ആദ്യം ബാറ്റിങിനയക്കാനുള്ള വിന്‍ഡീസ് ക്യാപ്റ്റന്‍ ഷിംറോണ്‍ ഹെറ്റ്മയറുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു അവരുടെ ബൗളിങ്. കരീബിയന്‍ ബൗളിങ് കരുത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയതോടെ 45.1 ഓവറില്‍ 145 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.
89 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 51 റണ്‍സെടുത്ത ഷര്‍ഫ്രാസ് ഖാന് മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. രാഹുല്‍ ബഥാം (21), മഹിപാല്‍ ലോംറര്‍ (19) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
വിന്‍ഡീസിനു വേണ്ടി അല്‍സാറി ജോസഫും റയാന്‍ ജോണും മൂന്നും കീമോ പോള്‍ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. ചേമര്‍ ഹോള്‍ഡറും ഷമാര്‍ സ്പ്രിങറും ഓരോ വിക്കറ്റ് വീതം നേടി.
മറുപടിയില്‍ ഒരുഘട്ടത്തില്‍ ഇന്ത്യക്ക് നേരിയ വിജയ സാധ്യതയുണ്ടായിരുന്നു. 29 ഓവറില്‍ 77 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസിന്റെ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് വീഴ്ത്താനായിരുന്നു.
എന്നാല്‍, ആറാം വിക്കറ്റില്‍ കീസി കാര്‍ട്ടിയും (52*) കീമോ പോളും (40*) ചേര്‍ന്നെടുത്ത അപരാജിത 69 റണ്‍സിന്റെ കൂട്ടുകെട്ട് 49.3 ഓവറില്‍ അഞ്ച് വിക്കറ്റ് ബാക്കിനിര്‍ത്തി വിന്‍ഡീസിനെ വിജയത്തിലേക്കും കിരീടത്തിലേക്കും ആനയിക്കുകയായിരുന്നു.
പുറത്താവാതെ 125 പന്തില്‍ രണ്ട് ബൗണ്ടറിയോടെ 52 റണ്‍സെടുത്ത കാര്‍ട്ടിയാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 68 പന്തില്‍ ഓരോ വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടുന്നതാണ് പോളിന്റെ ഇന്നിങ്‌സ്. ഹെറ്റ്മയര്‍ 23 റണ്‍സെടുത്തു.
ഇന്ത്യക്കു വേണ്ടി മായങ്ക് ഡഗാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസ് താരം കാര്‍ട്ടിയെ മാന്‍ ഓഫ് ദി മാച്ചായും ബംഗ്ലാദേശിന്റെ മെഹദി ഹസന്‍ മിറാസിനെ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it