അണ്ടര്‍ 17 ലോകകപ്പ്: നവീകരണം ശരിയായ ദിശയിലെന്ന് ഫിഫ

കൊച്ചി: അടുത്ത വര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍രത്തിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഫിഫ സംഘം കൊച്ചിയില്‍ എത്തി. ഫിഫ പ്രൊജക്ട് മാനേജര്‍ ഹെയ്മി യാര്‍സയുടെ നേതൃത്വത്തില്‍ പ്രൊജക്ട്, ടൂര്‍ണമെന്റ്, ഡെവലപ്‌മെന്റ്, മാ ര്‍ക്കറ്റിങ്, മീഡിയ, ടിവി, പ്രോട്ടോക്കോള്‍, വെന്യൂ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 18 അംഗ സംഘമാണ് കൊച്ചിയില്‍ എത്തിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെ എത്തിയ സംഘം ഇന്നലെ രാവിലെ മല്‍സര വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ രണ്ടര മണിക്കൂറോളം പരിശോധന നടത്തി സൗകര്യങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ടീമുകള്‍ക്ക് പരിശീലനത്തിനായി നല്‍കുന്ന കൊച്ചിയിലെതന്നെ മറ്റു നാലു മൈതാനങ്ങളും സംഘം സന്ദര്‍ശിച്ചു. മല്‍സര വേദിയുടെയും പരിശീലന മൈതാനങ്ങളുടെയും പോരായ്മകള്‍ ചൂണ്ടിക്കാട്ടുകയും നവീകരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
മുന്നൊരുക്കങ്ങള്‍ ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് പ്രൊജക്ട് മാനേജര്‍ ഹെയ്മി യാര്‍സ പിന്നീട് വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. അതിശയിപ്പിക്കുന്ന വേദിയാണ് കലൂരിലേത്. അതേസമയം, ഒരുപാട് ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതായുണ്ട്. നിലവിലെ ക്രിക്കറ്റ് പിച്ച് നീക്കംചെയ്ത് പ്രതലം ഉയര്‍ത്തി പുതിയ ഫുട്‌ബോള്‍ പിച്ച് നിര്‍മിക്കണം. കളി കാണാന്‍വരുന്ന മുഴുവന്‍ പേര്‍ക്കും സീറ്റുകള്‍ സ്ഥാപിക്കണം. കളിക്കാരുടെ ഡ്രസ്സിങ് റൂം, ജിംനേഷ്യം, മീഡിയറൂം, കോണ്‍ഫറന്‍സ് റൂം, സെക്യൂരിറ്റി സെന്റര്‍ തുടങ്ങിയവ രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കണം. കളിക്കാര്‍ക്ക് നിലവില്‍ രണ്ടു റൂമാണുള്ളത്. ഇത് നാലാക്കണം. വിവിഐപി ഏരിയ നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ വീണ്ടും സന്ദര്‍ശനം ഉണ്ടാവും. അന്ന് പരിശോധന നടത്തിയതിനു ശേഷമാവും അന്തിമ പ്രഖ്യാപനം നടത്തുക. ഫിഫയുടെ നിര്‍ദേശാനുസരണം സപ്തംബര്‍ 30നകം നവീകരണം പൂര്‍ത്തിയാക്കി ഒക്ടോബറില്‍ ഫിഫക്ക് സ്റ്റേഡിയം കൈമാറാന്‍ സജ്ജമാക്കുമെന്ന് ഫിഫ ലോകകപ്പിന്റെ നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. അടുത്ത വര്‍ഷം ഏപ്രിലിലാണ് സ്റ്റേഡിയം ഫിഫക്ക് കൈമാറേണ്ടത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ 12.44 കോടിയും സംസ്ഥാന സര്‍ക്കാരിന്റെ 12.44 കോടിയും അടക്കം 25 കോടിയോളം രൂപ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മന്റ് അതോറിറ്റി (ജിസിഡിഎ)ക്ക് അനുവദിച്ചിട്ടുണ്ട്. 55,000 സിംഗിള്‍ ബക്കറ്റ് സീറ്റുകളാണ് സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
പരിശോധന പൂര്‍ത്തിയാക്കിയ സംഘം വൈകീട്ടോടെ ഗോവയിലേക്ക് യാത്ര തിരിച്ചു.
Next Story

RELATED STORIES

Share it