Flash News

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് : സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തി ; കൊച്ചിക്ക് ഫിഫയുടെ അനുമതി



കൊച്ചി: ആശങ്കകള്‍ക്ക് അവസാനമായി. ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദിയാകുവാന്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം പര്യാപ്തമാണെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി അറിയിച്ചു. നിലവില്‍ സ്റ്റേഡിയത്തില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഫിഫ സംഘം പൂര്‍ണസംതൃപ്തി പ്രകടിപ്പിച്ചു. പരിശീലന മൈതാനങ്ങള്‍ സജ്ജമാക്കുവാന്‍ കൂടുതല്‍ സമയവും ഫിഫ അനുവദിച്ചതോടെ ടൂര്‍ണമെന്റിന് കൊച്ചിയും വേദിയാവുമെന്ന് ഉറപ്പായി. ഫിഫ ലോകകപ്പിന് കൊച്ചിയെ തിരഞ്ഞെടുത്തതുമുതല്‍ ഉടലെടുത്ത അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇതോടെ അവസാനമായി. നിലവില്‍ ഫിഫ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണു നിര്‍മാണ ജോലികള്‍ നടത്തിയിരിക്കുന്നത്. ഫിഫയ്ക്ക് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അതില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവില്ലെന്ന് ഹാവിയര്‍ സെപ്പി പറഞ്ഞു. ഐഎസ്എല്‍ ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ ഈ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരങ്ങളെല്ലാം കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണു നടന്നതെന്ന് ഫിഫ സംഘം ചൂണ്ടിക്കാട്ടി. സ്റ്റേഡിയം നിര്‍മിച്ച കാലത്തുള്ള സംവിധാനങ്ങളാണ് നിലവിലുണ്ടായിരുന്നത്. അവയെല്ലാം മാറ്റി നൂതന സുരക്ഷാ ഉപകരണങ്ങളാണ് ഇപ്പോ ള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് നിലയുള്ള സ്റ്റേഡിയത്തിന്റെ ആദ്യ രണ്ട് നിലകളിലേക്കു മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അപകട സാഹചര്യങ്ങളുണ്ടാവുമ്പോള്‍ എട്ട് മിനിറ്റിനുള്ളില്‍ സ്റ്റേഡിയത്തില്‍ നിന്ന് കാണികള്‍ക്ക് പുറത്തു കടക്കണമെന്നിരിക്കെ തിരക്ക് നിയന്ത്രിക്കുന്നതിനാണു മൂന്നാമത്തെ നില ഒഴിച്ചിട്ടിരിക്കുന്നത്. കാണികളുടെ കാര്യത്തി ല്‍ വ്യക്തമായ കണക്കും ഫിഫയ്ക്കുണ്ട്. 41,748 പേര്‍ക്കു മാത്രമാണ് നേരിട്ട് സ്റ്റേഡിയത്തിലെത്തി മല്‍സരം കാണുവാന്‍ സാധിക്കുകയുള്ളൂ. ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈന്‍ വഴി ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലടക്കം കൊച്ചിയെ കാത്തിരിക്കുന്നത് എട്ട് മല്‍സരങ്ങളാണ്. ജൂലൈ ആദ്യവാരം മല്‍സരക്രമങ്ങള്‍ പ്രഖ്യാപിക്കും. അതിനു ശേഷം മാത്രമേ ഏതെല്ലാം ടീമുകളാണ് കൊച്ചിയുടെ മണ്ണില്‍ പന്ത് തട്ടുന്നതെന്നു വ്യക്തമാവൂ. അണ്ടര്‍ 17 ലോകകപ്പിന്റെ സെമി ഫൈനലും ഫൈനലും നഷ്ടമായതിനു കാരണം സ്റ്റേഡിയത്തിന്റെ നിലവാരമില്ലായ്മയാണെന്ന വാര്‍ത്തകള്‍ ഹാവിയര്‍ സെപ്പി തള്ളി. ഫൈനലടക്കമുള്ള വേദികളുടെ കാര്യത്തില്‍ നേരത്തെ തീരുമാനമായിരുന്നു. സെമിഫൈനല്‍ മല്‍സരങ്ങ ള്‍ അനുവദിക്കാതിരുന്നത് ഫൈനല്‍ നടക്കുന്ന കൊല്‍ക്കത്തയിലേക്കുള്ള യാത്രാ പരിമിതി കണക്കിലെടുത്താണ്. പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളിനഗര്‍ സ്റ്റേഡിയം, ഫോര്‍ട്ട്‌കൊച്ചിയിലെ വെളി, പരേഡ് ഗ്രൗണ്ടുകളും സംഘം പരിശോധിച്ചു. ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ്, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍ സ്റ്റേഡിയത്തില്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it