thrissur local

അണുവിട വ്യത്യാസമില്ലാതെ പൂരച്ചടങ്ങുകള്‍



തൃശൂര്‍: പൂരത്തിന്റെ ചടങ്ങുകളുടെ കാര്യത്തില്‍ അണുവിട വ്യത്യാസമില്ല. ഒരു വര്‍ഷത്തിനുശേഷം വടക്കുംനാഥന്റെ സന്നിധിയില്‍ എത്തുന്ന സഹോദരിയായ പാറമേക്കാവിലമ്മയെ കാണുന്നതിനും ദേവസദസിന്റെ ഭാഗമാവുന്നതിനും തിരുവമ്പാടി ഭഗവതിയും രാവിലെ തന്നെ പുറപ്പെട്ടു. പുലര്‍ച്ചെ മൂന്നോടെ നട തുറന്നു. പിന്നെ വാകച്ചാര്‍ത്ത്, അഭിഷേകം, പറനിറയ്ക്കല്‍, ഉഷപ്പൂജ, ശീവേലി. തുടര്‍ന്ന് മൂന്നാനകളോടെ, നടപ്പാണ്ടിയുടെ അകമ്പടിയില്‍ നടുവില്‍ മഠത്തിലേക്കു ഭഗവതി പുറപ്പെട്ടു. ഷൊര്‍ണൂര്‍ റോഡിലൂടെ തെക്കോട്ട് നീങ്ങുന്ന ഭഗവതി നായ്ക്കനാലിലെത്തി പടിഞ്ഞാറെ റൗണ്ടിലൂടെ പഴയ നടക്കാവിലൂടെ നടുവില്‍ മഠത്തിലേക്ക് പ്രവേശിച്ചു. നിലവിളക്കുകളും നിറപറകളുമായി റോഡിനിരുവശവും ഭക്തജനങ്ങള്‍ ഭഗവതിയെ എതിരേറ്റു. പതിനൊന്നേകാലോടെ നടുവില്‍ മഠത്തിലെത്തി ഇറക്കിപൂജ. ദേവിയുടെ ഉടയാടകള്‍ മാറ്റി, വേദവിദ്യാര്‍ഥികളുടെ ഉപചാരത്തിനുശേഷം 11.30 ഓടെ വിശ്വപ്രസിദ്ധമായ മഠത്തി ല്‍ വരവ് ആരംഭിച്ചു. ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരന്‍ പഴയ നടക്കാവിലെ നടപ്പന്തലില്‍ നിലയുറപ്പിച്ചതോടെ മേള പ്രമാണി കോങ്ങാട് മധുവും സംഘവും പഞ്ചവാദ്യപ്പെരുമഴ തീര്‍ത്തു. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞതോടെ, പൊള്ളുന്ന വെയില്‍ കുടയാക്കി പുരുഷാരം ഭഗവതിക്കൊപ്പം സ്വരാജ് റൗണ്ടിലേക്കൊഴുകി. മഠത്തില്‍നിന്നുള്ള വരവ് ആഘോഷമാക്കി, പഞ്ചവാദ്യത്തിന് അകമ്പടിയായി സ്വരാജ് റൗണ്ടിലേക്കെത്തിയതോടെ ഏഴാനകളുമായി ഘോഷയാത്ര നീങ്ങി. പിന്നെ നായ്ക്കനാലിലും വാദ്യവിസ്മയത്തിന്റെ സംഗീതഗോപുരം. ആവേശം കുറയാതെ പുരുഷാരം. മതിവരാത്ത പഞ്ചവാദ്യത്തിന്റെ കൊട്ടികലാശം. സമയം രണ്ടരയോടടുത്തു. 15 ഗജവീരന്മാരുമായി, പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ഭഗവതി വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തേക്ക് യാത്ര തുടങ്ങി. നടരാജന്റെ പടിഞ്ഞാറെ നടയില്‍ അസുരവാദ്യത്തിന്റെ രൗദ്രതാളം. ചെണ്ടയില്‍ കോലുകള്‍ വീണപ്പോള്‍ ഉയര്‍ന്നത് ചടുലമായ ആവേഗം. സിരകളില്‍ ലഹരി പരത്തുന്ന പാണ്ടിമേളത്തിന്റെ കടലിരമ്പം. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ശ്രീമൂലസ്ഥാനത്ത് താളവിസ്മയം ആകാശത്തോളമുയര്‍ന്നു. ഉരുട്ടു ചെണ്ടയില്‍ ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ചെറുശേരി കുട്ടന്‍മാരാര്‍, കക്കാട് രാജപ്പന്‍ മാരാര്‍ തുടങ്ങിയവരും വീക്കം ചെണ്ടയി ല്‍ തലോര്‍ പീതാംബര മാരാ ര്‍, പേരാമംഗലം അനിയന്‍കുട്ടി, പള്ളിപ്പുറം ജയന്‍ തുടങ്ങിയവരും അകമ്പടിക്കാരായി. ഗുരുവായൂര്‍ സേതു, പനമണ്ണ മനോഹരന്‍, ചേലക്കര ഗിരിജന്‍ തുടങ്ങിയവര്‍ കുഴലും ഏഷ്യാഡ് ശശി, പൈപ്പോത്ത് രാജന്‍, പാലപ്പുറം രാജന്‍ തുടങ്ങിയവര്‍ ഇലത്താളവും മച്ചാട് മണികണ്ഠന്‍, അമ്മാത്ത് ഉണ്ണി, വരവൂര്‍ സേതുമാധവന്‍ തുടങ്ങിയവര്‍ കൊമ്പും അകമ്പടി സേവിച്ചു.
Next Story

RELATED STORIES

Share it