Middlepiece

അണിയറയില്‍ ആനന്ദനൃത്തമാടുന്നതാര്?

മുസ്തഫ കൊണ്ടോട്ടി

പാരിസില്‍ സ്ഥിരതാമസമാക്കിയ അറേബ്യന്‍ നോവലിസ്റ്റ് അബ്ദുല്ലതായിസ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഉയര്‍ത്തിയ ഒരു ചോദ്യമുണ്ട്. ലോകത്ത് സമാധാനത്തോടെ ജീവിക്കാന്‍ പറ്റിയ ഏതെങ്കിലും ഇടമുണ്ടോയെന്നാണ് ചോദ്യം. ഉത്തരം അദ്ദേഹം പറഞ്ഞില്ല. എന്നാല്‍, ഒരുകാര്യം ഉറപ്പ്. പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാവാതെ ലോകത്തൊരിടത്തും സമാധാനമുണ്ടാവില്ല. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഇസ്രായേല്‍ തന്നെയാണ്.
ഇന്ന് പാരിസിലെ ഭീകരാക്രമണത്തില്‍ ആരാണ് ആനന്ദനൃത്തമാടുന്നത്? അമേരിക്ക? ഇസ്രായേല്‍? ഐഎസ്? ബോക്കോ ഹറാം? സാങ്കേതികവിദ്യയുടെ കുതിപ്പുകളറിയുന്നവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അമേരിക്കന്‍ ചാരശൃംഖല അറിയാതെ ഇത്തരമൊരു ഭീകരാക്രമണം നടക്കുമോയെന്ന്. അമേരിക്കയുടെ ആഗോള രഹസ്യ സാറ്റലൈറ്റ് നെറ്റ്‌വര്‍ക്കായ എഷലണിന്റെ പ്രധാന ദൗത്യം തന്നെ വിവര മോഷണമാണ്. ഏത് ഫോണ്‍, ഫാക്‌സ്, ഇ-മെയില്‍, ടെലക്‌സ് സന്ദേശങ്ങളും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പിടിച്ചെടുക്കാനും വിശകലനം ചെയ്യാനും കെല്‍പ്പുള്ള സാങ്കേതികവിദ്യയാണ് എഷലണ്‍. ലളിതമാണ് ഇതിന്റെ ഘടന. ഇന്റര്‍നെറ്റ് കേന്ദ്രങ്ങളിലൂടെ എല്ലാ ഉപഗ്രഹ, മൈക്രോവേവ്, സെല്ലുലാര്‍, ഫൈബര്‍ ഒപ്റ്റിക് ഗതാഗതവും പിടിച്ചെടുക്കുകയും ദേശീയ സുരക്ഷാ ഏജന്‍സിയില്‍ വച്ച് അപഗ്രഥനം ചെയ്യുകയുമാണ് ഇതിന്റെ പണി. സാങ്കേതികവിദ്യയുടെ സര്‍വസ്വവും സ്വാംശീകരിച്ച എഷലണിന്റെ അഗോചരങ്ങളായ ശൃംഖലകള്‍ എന്തുകൊണ്ട് 129 പേരെ മരണത്തിലേക്ക് തള്ളിവിട്ട പാരിസ് ഭീകരാക്രമണത്തിന്റെ സൂചനകള്‍ കണ്ടെത്തിയില്ല?
ആരാണ് അണിയറയില്‍നിന്ന് ചിരിക്കുന്നത്? സംശയമെന്ത്, ഇസ്രായേല്‍ തന്നെ. കൂടെ അമേരിക്കയും. ഇസ്രായേലിനെതിരേ ആദ്യം വെടിപൊട്ടിച്ചത് സ്വീഡിഷ് വിദേശകാര്യമന്ത്രി മാര്‍ഗരറ്റ് വാള്‍സ്‌ട്രോമാണ്. ഭീകരാക്രമണങ്ങളുടെ അടിവേരുകള്‍ കിടക്കുന്നത് പശ്ചിമേഷ്യയിലാണെന്നും പശ്ചിമേഷ്യന്‍ മുസ്‌ലിംകളുടെ നിരാശ ഇതിന് പ്രചോദനമാവുന്നുണ്ടെന്നും വാള്‍സ്‌ട്രോം പറഞ്ഞു. പശ്ചിമേഷ്യയിലെ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു വാള്‍സ്‌ട്രോമിന്റെ പ്രസ്താവന.
മാര്‍ഗരറ്റ് വാള്‍സ്‌ട്രോം തന്നെയാണു ശരി. സംസ്‌കാരങ്ങളുടെ ഉറവിടത്തില്‍ തന്നെയാണ് പ്രശ്‌നത്തിന്റെ കാതല്‍. പശ്ചിമേഷ്യയില്‍ ഇസ്രായേലിനെ കുടിയിരുത്തുക വഴി ഉറവിടത്തെ തന്നെ ഉഴുതുമറിച്ചത് അമേരിക്കയും ബ്രിട്ടനുമടങ്ങിയ സഖ്യകക്ഷികളായിരുന്നു. നാളിതുവരെയുള്ള അമേരിക്കന്‍ ചെയ്തികളാണ് ആ ഉറവിടത്തില്‍ വിഷം കലക്കുന്നത്. പശ്ചിമേഷ്യയില്‍ അമേരിക്ക സൃഷ്ടിക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് ഇസ്രായേലിന്റെ ചിരിക്ക് നിദാനം.
അഫ്ഗാന്‍-ഇറാഖ് യുദ്ധത്തില്‍ മാത്രം രണ്ടു ദശലക്ഷം മനുഷ്യരാണ് മരണമടഞ്ഞത്. ഈജിപ്ത് മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്ന് ഭയന്ന് മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ചു. ഗദ്ദാഫിയുടെ ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിച്ചു. സൗദി അറേബ്യയില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനായി യമന്‍ പ്രശ്‌നത്തില്‍ സൗദിയെ ഇടപെടുവിപ്പിച്ചു. ഹൂഥികളെയും അലവികളെയും കുര്‍ദുകളെയും പശ്ചിമേഷ്യയിലെ മറ്റു വംശീയ ഗ്രൂപ്പുകളെയും സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അമേരിക്ക ഉപയോഗപ്പെടുത്തി. ഇത് ഇന്നും തുടരുന്നു. ഇസ്രായേലിന് ഭീഷണിയായേക്കാവുന്ന പശ്ചിമേഷ്യയിലെ പ്രബല രാഷ്ട്രമായ സിറിയയെ കൂടി തകര്‍ത്താല്‍ മേഖലയിലെ ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ സുരക്ഷിതമാവും. അറബ് രാജ്യങ്ങളില്‍ അശാന്തിയും.
ഐഎസ് ആരുടെ സൃഷ്ടിയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും ഐഎസ് നടത്തുന്ന ആക്രമണങ്ങളുടെ നേട്ടം കൊയ്യുന്നത് ഇസ്രായേലാണ്. ലോകത്ത് നടക്കുന്ന ഏത് ഭീകരാക്രമണവും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെയാണെന്ന് പ്രചരിപ്പിച്ച് മേഖലയിലെ പ്രബല രാജ്യങ്ങളെ തകര്‍ക്കുന്നതില്‍ ഇസ്രായേല്‍ വിജയിച്ചിട്ടുണ്ട്. പാരിസ് ആക്രമണത്തിലും നേട്ടം കൊയ്യുന്നത് ഇസ്രായേല്‍ തന്നെയാണ്. ഐഎസിന്റെ പേരും പറഞ്ഞ് സിറിയയെ പാടെ തകര്‍ക്കാന്‍ അമേരിക്കയും റഷ്യയും യൂറോപ്യന്‍ സഖ്യകക്ഷികളും രംഗത്തെത്തിക്കഴിഞ്ഞു. ഫ്രാന്‍സ് കഴിഞ്ഞ ദിവസങ്ങളില്‍ സിറിയന്‍ നഗരമായ റഖുയില്‍ നടത്തിയത് അതിഭീകരമായ ബോംബാക്രമണമാണ്. 12 യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത ഈ ആക്രമണത്തില്‍ തകര്‍ന്ന വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും മറ്റു സ്ഥാപനങ്ങളുടെയും കണക്കുകള്‍പോലും പുറത്തുവന്നിട്ടില്ല. അതുപോലെ ജീവഹാനിയുടെയും.
അമേരിക്ക ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍നിന്നു പുറത്താക്കാനാണ് സിറിയയില്‍ ബോംബ് വര്‍ഷിക്കുന്നതെങ്കില്‍ അസദിനെ അധികാരത്തില്‍ നിലനിര്‍ത്താനാണ് റഷ്യ ബോംബ് വര്‍ഷിക്കുന്നത്. സിറിയയില്‍ പ്രസിഡന്റും വിമതരും ഒത്തുതീര്‍പ്പിലെത്തിയാല്‍ പോലും അമേരിക്കയുടെയും റഷ്യയുടെയും ബോംബിങ് തുടരും. കാരണം, സിറിയയെ പാടെ തകര്‍ക്കുകയെന്ന ഇസ്രായേലിന്റെ താല്‍പര്യങ്ങളാണ് നിറവേറ്റപ്പെടുന്നത്.
ഭീകരതയുടെ മറവില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 81 ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. ഐഎസ് എന്ന തുറുപ്പുചീട്ട് ഉപയോഗിച്ച് ഈ കൊന്നൊടുക്കല്‍ പ്രക്രിയ ഇസ്രായേല്‍ നിര്‍ബാധം തുടരും. മാത്രവുമല്ല, പശ്ചിമേഷ്യയില്‍ ഇസ്രായേലിനെതിരേ ഉയരുന്ന പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും ഐഎസിന്റെ മറവില്‍ ഇസ്രായേല്‍ അടിച്ചമര്‍ത്തും. $
Next Story

RELATED STORIES

Share it