Flash News

അണിഞ്ഞൊരുങ്ങി വംഗനാട്; കൊല്‍ക്കത്ത ഉല്‍സവ ലഹരിയില്‍



എം എം സലാം

കൊല്‍ക്കത്ത: ''ഫുട്‌ബോളെന്നാല്‍ ഞങ്ങള്‍ ബംഗാളികള്‍ക്ക് ജീവവായുവാണ് ഭയ്യാ... മതവും വിശ്വാസവുമെല്ലാം അതുകഴിഞ്ഞേ ഞങ്ങള്‍ക്കുള്ളൂ.'' കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലേക്കുള്ള യാത്രാമധ്യേ യൂബര്‍ ടാക്‌സി ഡ്രൈവര്‍ പ്രസാന്തദാസ് പറഞ്ഞ വാക്കുകളാണിത്. രാജ്യം ആതിഥേയത്വം വഹിച്ച കൗമാര ലോകകപ്പിന്റെ കലാശപ്പോരിന് ഫുട്‌ബോള്‍ഭ്രാന്തിന്റെ നഗരമായ കൊല്‍ക്കത്ത വേദിയാവുമ്പോള്‍ ഈ നാടും നഗരവുമെല്ലാം ഉല്‍സവലഹരിയിലമരുകയാണ്. ഫുട്‌ബോളിനെ ഇത്രമേല്‍ അനുഭവിച്ചാനന്ദിക്കുന്ന മറ്റൊരു ജനത ഇന്ത്യയിലില്ലെന്നതിന് ഫൈനലിനായുള്ള ഇവിടത്തെ ഒരുക്കങ്ങള്‍ മാത്രം സാക്ഷി. അണ്ടര്‍ 17 ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലുമൊന്ന് കൊല്‍ക്കത്തയിലെ എല്ലാ തെരുവീഥികളിലും കാണാന്‍ കഴിയും. നഗരം മുഴുവനും വൈദ്യുതാലങ്കാരങ്ങള്‍. ഫുട്‌ബോളിനെ വരവേല്‍ക്കുന്ന കൂറ്റന്‍ ഫഌക്‌സുകള്‍. ഇതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രവുമുണ്ട്. സ്‌റ്റേഡിയത്തിന്റെ പരിസരത്ത് എല്ലാം ഫുട്‌ബോള്‍ മയം.ലോകകപ്പ് ഫൈനലിനായി വന്‍ ഒരുക്കങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയമായ സാള്‍ട്ട്‌ലേക്കിലെ യുവഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ദീപാലംകൃതമായ സ്‌റ്റേഡിയം ടീമുകളെ വരവേല്‍ക്കുന്ന ഫഌക്‌സുകളാല്‍ നിറഞ്ഞു.  ഫിഫ അധികൃതരുടെ നേതൃത്വത്തില്‍ ഫൈനലിനായി കനത്ത സുരക്ഷയാണ് നഗരത്തിലും സ്‌റ്റേഡിയം പരിസരത്തും ഒരുക്കിയിരിക്കുന്നത്. ഫൈനല്‍ കാണാന്‍ എത്തുന്ന ആരാധകരെ വരവേല്‍ക്കാന്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള മോഹന്‍ബഗാന്‍, ഈസ്റ്റ്ബംഗാള്‍ ക്ലബ്ബുകളും നിരവധി പദ്ധതികളൊരുക്കിയിട്ടുണ്ട്.  ഇന്നത്തെ ഫൈനല്‍ മല്‍സരം വീക്ഷിക്കുന്നതിനായി ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോയും എത്തിയിട്ടുണ്ട്. കൂടാതെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലി, സചിന്‍ ടെന്‍ഡുല്‍ക്കര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മറ്റു കേന്ദ്രമന്ത്രിമാര്‍ എന്നിവരും ഇന്നത്തെ മല്‍സരം വീക്ഷിക്കുന്നതിനായി സ്‌റ്റേഡിയത്തിലുണ്ടാവും.
Next Story

RELATED STORIES

Share it