അണബോംബുകള്‍ പൊട്ടുമ്പോള്‍

ജോണ്‍ പെരുവന്താനം

ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടാണ് മണ്‍സൂണിന്റെ സ്വഭാവത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റം. കേരളം പൂര്‍ണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണെന്നു നമ്മള്‍ അറിയണം. നമ്മുടെ മഴയും പുഴകളും അന്നവും സ്വാസ്ഥ്യവും ഔഷധവുമെല്ലാം ഈ മലനിരകളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നതെന്നു നമ്മള്‍ തിരിച്ചറിയണം. നാം ഓരോരുത്തരുടെയും തൃഷ്ണകള്‍ പൂര്‍ത്തീകരിക്കുന്ന അതിവേഗ വികസനത്തിന്റെ പല ഘടകങ്ങളും ഈ കാലാവസ്ഥാ മാറ്റത്തിനു കാരണമായിത്തീരുന്നു. അത്തരം ആസക്തികളെ എങ്ങനെ വിവേകബുദ്ധിയോടെ പിടിച്ചുകെട്ടാമെന്നു ചിന്തിക്കേണ്ട കാലമാണിത്.
പ്രകൃതിയെ അശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിന്റെ ഫലമായി സംജാതമായിട്ടുള്ള ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേരളം ഇന്നു നേരിടുന്ന അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമഘട്ട പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയ്ക്ക് ഉണ്ടായിരിക്കുന്ന നാശനഷ്ടങ്ങളാണ്.
കേരളത്തില്‍ ഉണ്ടായ പ്രളയദുരന്തം അണക്കെട്ടുകള്‍ തുറന്നുവിട്ടപ്പോള്‍ സംഭവിച്ചതാണ്. ഉറങ്ങിക്കിടന്ന ജനങ്ങളുടെ മീതെ അണക്കെട്ടു തുറന്നുവിട്ട് ദുരന്തം ഉണ്ടാക്കിയത് അജ്ഞതയുടെയും അഹങ്കാരത്തിന്റെയും ആര്‍ത്തിയുടെയും ഫലമായാണ്. അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഫഌഡ് പ്ലെയിന്‍ ഏരിയയില്‍ നിന്നു മുഴുവന്‍ ആളുകളെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാറ്റിപ്പാര്‍പ്പിക്കണമെങ്കില്‍ അതിനു മുമ്പായി ജലം ഒഴുകുന്ന പ്രദേശങ്ങളെ അടയാളപ്പെടുത്തേണ്ടതുണ്ടായിരുന്നു. അത്തരം മുന്നൊരുക്കങ്ങളൊന്നും നാം നടത്തിയിട്ടുണ്ടായിരുന്നില്ല. അഞ്ചു കാലാവസ്ഥാ നിരീക്ഷണശാസ്ത്ര സ്ഥാപനങ്ങള്‍ നിരന്തരമായി മുന്നറിയിപ്പു നല്‍കിയിട്ടും മുന്‍കൂട്ടി അണക്കെട്ടുകളുടെ ജലനിരപ്പ് താഴ്ത്തിനിര്‍ത്താന്‍ ഭരണാധികാരികളുടെ ധനാര്‍ത്തി സമ്മതിച്ചില്ല.
ദുരന്തനിവാരണ അതോറിറ്റി, ഡാം സേഫ്റ്റി കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്. ശാസ്ത്രീയമായ വെള്ളപ്പൊക്ക മാനേജ്‌മെന്റ് പ്ലാന്‍ ഇവരാരും തയ്യാറാക്കിയിട്ടില്ല. ദുരന്തനിവാരണ അതോറിറ്റി, മീറ്റിങുകള്‍ കൂടുകയോ ദുരന്തം ഉണ്ടാവാതിരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുകയോ മുന്നൊരുക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. രാജ്യത്ത് 214 വെള്ളപ്പൊക്ക മുന്നറിയിപ്പ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഒന്നുപോലുമില്ല. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ചട്ടങ്ങളൊന്നും കേരളം പാലിച്ചിരുന്നില്ല. അന്തര്‍സംസ്ഥാന നദീജല കമ്മീഷന്റെ അധ്യക്ഷസ്ഥാനം കേരളത്തിന്റെ ചീഫ് എന്‍ജിനീയര്‍ക്ക് ആയിരുന്നിട്ടുപോലും മുല്ലപ്പെരിയാറിലെയും പറമ്പിക്കുളം ആളിയാറിലെയും നീരാറിലെയും വെള്ളം കേരളത്തിലേക്ക് ഒഴുക്കുന്നത് തടഞ്ഞ് പ്രളയത്തിന്റെ തീവ്രത കുറച്ചില്ല. പ്രളയക്കെടുതിക്കു ശേഷം ദുരന്തനിവാരണത്തിനും ദുരിതാശ്വാസത്തിനും കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തം ഉണ്ടാവാതിരിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ ആയിരത്തോളം പേരുടെ ജീവന്‍ രക്ഷിക്കാനും 15 ലക്ഷം ആളുകളെ അഭയാര്‍ഥികളാക്കാതിരിക്കാനും കഴിയുമായിരുന്നു. 75 ലക്ഷത്തോളം മനുഷ്യരെയാണ് വെള്ളപ്പൊക്കക്കെടുതിയും ഉരുള്‍പൊട്ടലും ബാധിച്ചത്.
പ്രകൃതിയില്‍ ദുരന്തങ്ങളില്ല. പ്രതിഭാസങ്ങള്‍ മാത്രമേയുള്ളൂ. പ്രകൃതിക്ക് ആരോടെങ്കിലും പ്രത്യേക വിരോധമോ സ്‌നേഹമോ ഇല്ല. പ്രകൃതി ആരെയെങ്കിലും ശിക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ല. പ്രകൃതിപ്രതിഭാസങ്ങള്‍ക്ക് ഇടയില്‍ കയറി നാം നില്‍ക്കുമ്പോഴാണ് അതു ദുരന്തങ്ങളാകുന്നത്. ഓരോ ദുരന്തവും പഠിക്കാനും തിരുത്താനുമുള്ള അനുഭവപാഠമാണ്. സുനാമിയും ഓഖിയും ഭരണാധികാരികളെ ഒന്നും പഠിപ്പിച്ചില്ല. നാളെകളില്‍ ഇതിനേക്കാള്‍ വലിയ ദുരന്തങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നത്. അന്ന് അതിനെ എങ്ങനെ അതിജീവിക്കുമെന്നതു സംബന്ധിച്ച് വിശദമായ പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്. ഓരോ വീട്ടിലും ഒരു ദുരന്തനിവാരണസേന ഉണ്ടാകത്തക്ക രീതിയില്‍ സ്‌കൂള്‍തലം മുതല്‍ ദുരന്തനിവാരണ പ്രായോഗിക പഠനം ആരംഭിക്കേണ്ടതുണ്ട്.
അണക്കെട്ടുകളുടെ ആധിക്യം കേരളത്തെ മൊത്തത്തില്‍ ദുരന്തഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. 71 വന്‍കിട അണക്കെട്ടുകളും 200ഓളം ചെറുകിട അണക്കെട്ടുകളുമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ എത്ര അണക്കെട്ടുകളുണ്ടെന്നോ അതില്‍ എത്ര വെള്ളമുണ്ടെന്നോ അതിന്റെ പഴക്കം എത്രയെന്നോ ഉള്ള സ്ഥിതിവിവര കണക്കുകളുടെ ഒരു ധവളപത്രം നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ബാണാസുരസാഗര്‍ ആണ് വയനാടിനെ പ്രളയക്കെടുതിയിലാക്കിയത്. ശബരിഗിരി പദ്ധതിയിലെ ഒമ്പത് അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്ന് റാന്നി, കോഴഞ്ചേരി, ആറന്‍മുള, ചെങ്ങന്നൂര്‍ മേഖലകളെ പ്രളയത്തിലാഴ്ത്തി. പെരിയാറിലെ 11 അണക്കെട്ടുകള്‍ ശാസ്ത്രീയ പഠനങ്ങളില്ലാതെ തുറന്ന് പെരുമ്പാവൂര്‍, കാലടി, ആലുവ, കളമശ്ശേരി, പറവൂര്‍, എറണാകുളം മേഖലകളെ വെള്ളത്തില്‍ മുക്കി. എത്ര അണക്കെട്ടുകള്‍ തുറന്നുവിട്ടു എന്നുപോലും കൃത്യമായ വിവരമില്ല. ചാലക്കുടി പുഴയിലെ ആറ് അണക്കെട്ടുകള്‍ തുറന്ന് 400 ച.കി.മീറ്റര്‍ പ്രദേശത്ത് ദുരന്തമുണ്ടാക്കിയവര്‍, ആതിരപ്പിള്ളി പദ്ധതി ഉണ്ടായിരുന്നെങ്കില്‍ പ്രളയക്കെടുതി തടയാമായിരുന്നു എന്ന വിഡ്ഢിത്തമാണ് പുലമ്പുന്നത്.
70ലധികം അണക്കെട്ടുകള്‍ തുറന്നതിന്റെ ദുരന്തവും പേറി കുട്ടനാട് വെള്ളത്തിനടിയില്‍ തന്നെയാണ്. ചര്‍ച്ചകള്‍ ലളിതവല്‍ക്കരിക്കുന്നത് കാലവര്‍ഷത്തിലെ അതിവൃഷ്ടിയുടെയും ഉരുള്‍പൊട്ടലിന്റെയും പ്രത്യാഘാതമാണ് വെള്ളപ്പൊക്കം എന്ന നിലയിലാണ്. ഇടുക്കി അണക്കെട്ടില്‍ നിന്നു സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുവെന്ന് പറഞ്ഞതിനു ശേഷം 38 മണിക്കൂര്‍ സമയം തുടര്‍ച്ചയായി സെക്കന്‍ഡില്‍ 50 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടുകൊണ്ടിരുന്നത്. പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ കണക്ക് മാധ്യമങ്ങള്‍ക്കു കൊടുക്കാതെ ഇലക്ട്രിസിറ്റി ബോര്‍ഡ് രണ്ടു ദിവസം ഒളിച്ചുകളിക്കുകയായിരുന്നു.
ശബരിഗിരി പദ്ധതിയിലെ ആനത്തോട് ഡാമിന്റെ ഷട്ടര്‍ ചെയിന്‍ പൊട്ടി അഞ്ചു മീറ്റര്‍ ഉയര്‍ന്നുപോവുകയും ഇവിടെ വലിയ മരം വന്നു തടഞ്ഞതുമൂലം ഒരാഴ്ചക്കാലത്തേക്ക് ഷട്ടര്‍ താഴ്ത്താന്‍ കഴിയാതെവന്നതു മൂലവുമാണ് റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെ 40 അടി ജലം ഉയര്‍ന്നത്. ഡാമുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ വേണ്ടി ഡാം സേഫ്റ്റി കമ്മീഷന്‍ നിലവിലുണ്ടെങ്കിലും ഒരുവിധത്തിലുമുള്ള ശാസ്ത്രീയ പഠനങ്ങളെയും അവലംബിക്കാത്തതും റിട്ടയര്‍ ചെയ്തവരെ വാഴിക്കുന്നതുമായ സ്ഥാപനമായി അതു മാറി. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകി കടലിലെ ജലനിരപ്പ് 10 സെന്റിമീറ്ററോളം ഉയര്‍ന്നിട്ടുണ്ട്.
പെറുവില്‍ നിന്നു തുടങ്ങുന്ന എല്‍നിനോ സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഉണ്ടാവുന്ന ഉഷ്ണജലപ്രവാഹത്തെ വര്‍ധിപ്പിക്കുകയും വിവിധ പ്രദേശങ്ങള്‍ കടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിച്ചേരുന്ന ഉഷ്ണജലപ്രവാഹം സൃഷ്ടിക്കുന്ന ന്യൂനമര്‍ദ പാത്തികള്‍ ഇന്ത്യയില്‍ ആകമാനം തന്നെ കനത്ത മഴയ്ക്കു കാരണമാവുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അറബിക്കടലിലേക്ക് 70 ഡിഗ്രിയോളം ചരിഞ്ഞുകിടക്കുന്ന കേരള പശ്ചിമഘട്ടത്തിന്റെ സവിശേഷമായ ഭൂപ്രകൃതി മൂലം മണ്ണും പാറയും ചേര്‍ന്ന മിശ്രിതം ജലപൂരിതമാവുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം മിന്നല്‍വേഗത്തില്‍ ജലപ്രവാഹത്തോടെ താഴേക്കു പതിക്കുന്നതാണ് ഉരുള്‍പൊട്ടല്‍. കേരളത്തിലെ ഉരുള്‍പൊട്ടല്‍ മേഖലകളെയും മലയിടിച്ചില്‍ മേഖലകളെയും കുറിച്ച് ഭൗമശാസ്ത്ര പഠനകേന്ദ്രവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പഠനം നടത്തി സര്‍ക്കാരിനു വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്.
ത്രിതല പഞ്ചായത്തുകള്‍ക്കു ലഭിക്കാന്‍ അവകാശപ്പെട്ട ഈ റിപോര്‍ട്ടുകള്‍ ഇപ്പോഴും പൂഴ്ത്തിവച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം അപകടമേഖലകളിലെ പ്രകൃതിക്ക് ആഘാതം ഏല്‍പിക്കുന്ന ഇടപെടലുകള്‍ തടയാനും കഴിയുന്നില്ല. കേരള പശ്ചിമഘട്ടത്തിലെ 80 ശതമാനം (14,000 ച.കി.മീ) ഏരിയ ഉരുള്‍പൊട്ടല്‍ മേഖലയാണ്. ി

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it