അണക്കെട്ടുകള്‍ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയം 1924ലേതിന് സമാനമാണെന്നും അണക്കെട്ടുകള്‍ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അപൂര്‍വമായുണ്ടായ അതിശക്തമായ മഴയില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിനു കാരണമായത്. ഇത്ര ശക്തമായ മഴയുണ്ടാവുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു. അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നുവിട്ടതാണ് സംസ്ഥാനത്ത് പ്രളയത്തിന് കാരണമായതെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികള്‍ക്കുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 1924ല്‍ ജൂലൈ 16 മുതല്‍ 18 വരെ പെരിയാറില്‍ ലഭിച്ച മഴയുടെ അളവ് 604 മില്ലീ മീറ്ററാണെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്താകെ 1924ലെ പ്രളയസമയത്ത് മൂന്നു ദിവസങ്ങളിലായി 443 മില്ലീ മീറ്റര്‍ മഴ പെയ്തപ്പോള്‍ ഇത്തവണ പ്രളയം ശക്തമായ മൂന്നു ദിവസങ്ങളില്‍ 414 മില്ലീ മീറ്റര്‍ മഴയാണുണ്ടായത്. ശക്തമായ മഴസംബന്ധിച്ച പ്രവചനം ആഗസ്ത് 15ന് പകല്‍ മാത്രമാണ് ഉണ്ടായത്. എല്ലാ അണക്കെട്ടുകളും ഒന്നിച്ചു തുറന്നുവെന്ന വാദം തെറ്റാണ്. കെഎസ്ഇബിയുടെ 59 അണക്കെട്ടുകളില്‍ 37 എണ്ണവും നിരന്തരം തുറക്കുന്നവയാണ്. ശേഷിക്കുന്നവയെല്ലാം മുന്നറിയിപ്പ് നല്‍കിയ ശേഷം മാത്രമാണ് തുറന്നിട്ടുള്ളത്. ജല കമ്മീഷന്റെ മുഴുവന്‍ കണ്ടെത്തലുകളും സംസ്ഥാന സര്‍ക്കാരിന് അനുകൂലമാണ്. ബാണാസുര സാഗര്‍, മലമ്പുഴ അണക്കെട്ടുകള്‍ തുറന്നുവിട്ടതല്ല, വന്‍തോതില്‍ ഒഴുകിയെത്തിയ മഴവെള്ളമാണ് ഈ മേഖലകളില്‍ പ്രളയത്തിനു കാരണമായത്. പ്രളയസാധ്യതാ മാപ്പുണ്ടാക്കി ഇടുക്കിയിലും മറ്റും മുന്നറിയിപ്പു നല്‍കാന്‍ നടപടികള്‍ എടുത്തതായും ജലസേചന വകുപ്പിന്റെ ഡാമുകളില്‍ അടിയന്തര കര്‍മ പദ്ധതികള്‍ തയ്യാറാക്കി കേന്ദ്ര ജല കമ്മീഷന് കൈമാറിയിട്ടുള്ളതായും സര്‍ക്കാര്‍ വിശദീകരിച്ചു.
ബി
Next Story

RELATED STORIES

Share it