അണക്കെട്ടിനു സുരക്ഷാ ഭീഷണിയില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ചു നടത്തിയ പ്രസ്താവന വിവാദമായിരിക്കെ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യം മനസ്സിലാക്കണമെന്നും ഒറ്റയ്ക്ക് അണക്കെട്ട് നിര്‍മിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഇന്നലെ ആവര്‍ത്തിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. നിലവിലുള്ള അണക്കെട്ടിനു സുരക്ഷാ ഭീഷണിയില്ല. ഇക്കാര്യത്തില്‍ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ചു പോവണമെന്നാണു സൂചിപ്പിച്ചത്. സുപ്രിംകോടതിയില്‍ കേരളം വലിയ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അണക്കെട്ടിനു ബലക്ഷയമുണ്ടായി എന്നതാണ് അതിന് അടിസ്ഥാനമായി പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചു പരിശോധന നടത്തിയ വിദഗ്ധസമിതി അണക്കെട്ടിനു ബലക്ഷയമില്ലെന്ന റിപോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇതാണ് അടിസ്ഥാന പ്രശ്‌നമെന്നും പിണറായി വ്യക്തമാക്കി. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്ന വിദഗ്ധസമിതി റിപോര്‍ട്ട് വിശ്വാസത്തിലെടുക്കാവുന്നതാണെന്നും വ്യക്തമാക്കിയത്. കേരളം ഇത്രയുംകാലം തുടര്‍ന്നുപോന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമായിരുന്നു പിണറായിയുടെ നിലപാട്. എന്നാല്‍ പ്രതിഷേധം കനത്തിട്ടും തന്റെ നിലപാടില്‍ നിന്ന് അണുകിട മാറാന്‍ പിണറായി തയ്യാറായില്ല. വിദഗ്ധസമിതി റിപോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരു നിലപാട് കേരളത്തില്‍ തന്നെ എടുക്കേണ്ടതായിട്ടുണ്ടെന്ന് പിണറായി വ്യക്തമാക്കി. തമിഴ്‌നാടുമായി സംഘര്‍ഷമല്ല, ചര്‍ച്ചചെയ്തു പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു ശ്രമിക്കുകയാണു വേണ്ടത്. പുതിയ അണക്കെട്ട് കേരളത്തിനു മാത്രം ഏകപക്ഷീയമായി നിര്‍മിക്കാന്‍ കഴിയില്ല. നിയമസഭ പാസാക്കിയ പ്രമേയത്തില്‍ തന്നെ രണ്ടു സംസ്ഥാനങ്ങളും കൂടി അംഗീകരിച്ചാല്‍ പുതിയ അണക്കെട്ട് എന്നാണു പറയുന്നത്. അപ്പോള്‍ ഒറ്റയ്ക്ക് അണക്കെട്ട് കെട്ടിക്കളയാമെന്നു പറഞ്ഞ് പുറപ്പെട്ടാല്‍ അതിനു കഴിയില്ല. ചില സാങ്കേതികപ്രശ്‌നമുണ്ട്. അതിനാല്‍ അത്തരം പ്രശ്‌നങ്ങളിലൊക്കെ ചര്‍ച്ചചെയ്തു മുന്നോട്ടുപോവുകയാണു വേണ്ടത്. ആതിരപ്പിള്ളി വൈദ്യുതി പദ്ധതിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും ഇക്കാര്യം എല്‍ഡിഎഫ്് നേരത്തെ ചര്‍ച്ചചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷം വൈദ്യുതിവകുപ്പ് കൈകാര്യം ചെയ്ത ആളാണു താന്‍. അന്നു  പരിസ്ഥിതി അനുമതി നേടിയിരുന്നു. എന്നാല്‍ രാഷ്ട്രീയ എതിര്‍പ്പുകളുള്ള ചിലര്‍ നിയമനടപടിയുമായി രംഗത്തുവന്നു. പദ്ധതി വന്നാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് തടസ്സപ്പെടാത്ത തരത്തില്‍ അതിനു മുകളില്‍ കൂടിയാണു പദ്ധതി നടപ്പാക്കുന്നതെന്നും പിണറായി വിശദീകരിച്ചു.
Next Story

RELATED STORIES

Share it