Flash News

അഡ്വ. വല്‍സരാജക്കുറുപ്പ് വധം : ഏക ദൃക്‌സാക്ഷിയായ ഭാര്യ കൂറുമാറി



തലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന പാനൂരിലെ അഡ്വ. വല്‍സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസില്‍ ഏക ദൃക്‌സാക്ഷിയായ ഭാര്യ കൂറുമാറി. ഭര്‍ത്താവ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയ വല്‍സരാജക്കുറുപ്പിന്റെ ഭാര്യ ബിന്ദുവാണ് വിചാരണവേളയില്‍ കൂറുമാറിയത്. ഭര്‍ത്താവ് കൊല്ലപ്പെട്ടതില്‍ പരാതിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്റെ ക്രോസ്‌വിസ്താരത്തില്‍ സാക്ഷിയായ ബിന്ദു പറഞ്ഞു. ആരാണ് കൊലപാതകം നടത്തിയതെന്ന്് അറിയില്ല. സംഭവദിവസം കിടന്നുറങ്ങുമ്പോള്‍ ബഹളം കേട്ട് പുറത്തിറങ്ങിനോക്കി. അപ്പോള്‍ കുറേപേര്‍ ഓടിപ്പോവുന്നതും കുറേപേര്‍ ഓടിവരുന്നതും ഭര്‍ത്താവ് വീണുകിടക്കുന്നതും കണ്ടെന്നാണ് സാക്ഷിയുടെ മൊഴി.തിരിച്ചറിയല്‍ പേരഡില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിരുന്ന സാക്ഷി വിചാരണവേളയില്‍ ഇക്കാര്യം നിഷേധിച്ചു. ഭര്‍ത്താവിന്റെ രക്തഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. ഏറെ സാഹസപ്പെട്ടാണ് ബിന്ദുവിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എത്തിച്ചത്. കര്‍ണാടകയിലേക്ക് താമസം മാറിയ ബിന്ദുവിന്റെ വീട്, മക്കള്‍ സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്ന വാഹനം പിന്തുടര്‍ന്നാണു കണ്ടെത്തിയത്. ആറുതവണ സമന്‍സ് അയച്ച ശേഷമാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. ജൂണ്‍ 3ന് കേസ് വീണ്ടും കോടതി പരിഗണിക്കും. 10 വര്‍ഷം മുമ്പു നടന്ന കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം പ്രവര്‍ത്തകരായ ചമ്പാട് എട്ടുവീട്ടില്‍ സജീവന്‍(34), ചമ്പാട് ഓട്ടക്കാത്ത് വീട്ടില്‍ കെ ഷാജി എന്ന ചെട്ടി ഷാജി(27), ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ പന്തക്കല്‍ മാലയാട്ട് വീട്ടില്‍ മനോജ് എന്ന കിര്‍മാണി മനോജ്(28), ചമ്പാട് പന്ന്യന്നൂര്‍ പാലപ്പൊയില്‍ സതീശന്‍(34), ചൊക്ലി നിടുമ്പ്രം പടിഞ്ഞാറെ കുനിയില്‍ കക്കാടന്‍ പ്രകാശന്‍(32), അരയാക്കൂല്‍ കൂറ്റേരി വീട്ടില്‍ കെ വി രാഗേഷ്(25) എന്നിവരാണ് കേസിലെ പ്രതികള്‍. 2007 മാര്‍ച്ച് 4നാണ് വല്‍സരാജക്കുറുപ്പ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it