thrissur local

അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി നീട്ടിയ നടപടി : ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി സര്‍ക്കാരുമായി വീണ്ടും ഏറ്റുമുട്ടലിലേക്ക്‌



കെ വിജയന്‍മേനോന്‍.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ രണ്ടുവര്‍ഷത്തെ ഭരണകാലാവധി തീരാന്‍ വെറും 100-ദിവസത്തോ ളം മാത്രം ബാക്കി നില്‍ക്കുമ്പോള്‍, ദേവസ്വം ഭരണസമിതി ആവനാഴിയിലെ അവസാനത്തെ അമ്പുമെടുത്ത് സംസ്ഥാന സര്‍ക്കാരുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. യു.ഡി.എഫ് ഭരിക്കുന്ന ദേവസ്വത്തിന്റെ ഭരണ കാലാവധി 2018-ജനുവരിയില്‍ തീരാനിരിക്കുമ്പോള്‍, സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നിരസിച്ചുകൊണ്ടാണ് ദേവസ്വം പുത്തന്‍ വിവാദത്തിന് തിരുകൊളുത്തി സംസ്ഥാന സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധി തീര്‍ന്ന ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ക്ക് വരുന്ന ജൂലായ് 31-വരെ സമയം നീട്ടികൊടുത്ത സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ടാണ് സര്‍ക്കാരിന്റെ തീരുമാനത്തെ നിരസിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതിയോഗം തീരുമാനം കൈകൊണ്ടത്. ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററെ ഒരുവര്‍ഷത്തെ ഡെപ്യുട്ടേഷനിലാണ് സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഒക്‌ടോബര്‍ ഒന്നിന് കാലാവധി തികഞ്ഞ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ സി.സി. ശശിധരനെ അദ്ദേഹം സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന അടുത്ത ജൂലായ് 31-വരെ 10-മാസംകൂടി  നീട്ടിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. അഡ്മിനിസ്റ്റ്രേറ്ററെ നിയമിക്കുന്നത് ഭരണസമിതിയുടെ സമ്മതത്തോടേയാകണമെന്നും, അത് പാലിക്കാതെ ഏകപക്ഷീയമായി സര്‍ക്കാരെടുത്ത തീരുമാനമാണ് ഭരണസമിതിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനം നടപ്പിലാക്കാതെ ഭരണസമിതി മുന്നേറിയാല്‍, സര്‍ക്കാരുമായി വീണ്ടുമെരേറ്റു മുട്ടലിന് ഇത് വഴിവെച്ചേക്കും. സര്‍ക്കാരും, ദേവസ്വം ഭരണസമിതിയും തമ്മില്‍ പല ഭരണകാര്യങ്ങളിലും തര്‍ക്കത്തിലായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ അഷ്ടമിരോഹിണിനാളില്‍ ഗുരുവായൂരിലെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സര്‍ക്കാരിന്റെ  നിലപാടുകള്‍ ഭരണസമിതിക്ക് അംഗീകരിക്കേണ്ടിയും വന്നിരുന്നു. ഇതിനിടയിലാണ് പുത്തന്‍ വിവാദവുമായി ദേവസ്വം ഭരണസമിതി പ്രത്യക്ഷപ്രതിഷേധവുമായി സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഭരണ സ്തംഭനം നേരിടുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ ഭക്തജനരോഷം വളരെ ശക്തമായിരിക്കേ യാണ് സര്‍ക്കാരിന്റെ തീരുമാനത്തെ മാനിക്കാതേയും, കാറ്റില്‍പറത്തിയും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ശേഷിക്കുന്ന കാലാവധി ഭരണവുമായി മുന്നോട്ടുനീങ്ങുന്നത്. ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ. കുഞ്ഞുണ്ണി, അഡ്വ; എ. സുരേശന്‍, സി. അശോകന്‍, കെ. ഗോപിനാഥന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it