Flash News

അഡീഷനല്‍ സെക്രട്ടറിയുടെ മോശം പെരുമാറ്റം : ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ നീക്കം



തിരുവനന്തപുരം: ചര്‍ച്ചയ്‌ക്കെത്തിയ ചെറുകിട വ്യവസായസംഘടനാ ഭാരവാഹികളോട് വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി മോശമായി പെരുമാറിയ സംഭവത്തില്‍ സംഘടനയ്ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം. മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് എസ്എംഇഒയുടെ പരാതിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ഷാജി പി ചാലി സംഘടനയ്ക്ക് അനുകൂലമായി ഉത്തരവു നല്‍കിയിരുന്നു. വ്യവസായസംബന്ധിയായ യോഗങ്ങളില്‍ സംഘടനയെക്കൂടി ഉള്‍പ്പെടുത്തണമെന്നും സംഘടനയെ സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍പാടില്ലെന്നുമായിരുന്നു കോടതി വിധി. ഒരുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കിയ തീരുമാനം രേഖാമൂലം സംഘടനാ ഭാരവാഹികളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഉത്തരവു ലഭിച്ച് രണ്ടുമാസമായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വ്യവസായസംബന്ധിയായ ചര്‍ച്ചയ്ക്ക് മുന്‍കൂട്ടി സമയം വാങ്ങിയശേഷം ഓഫിസിലെത്തിയ സംഘടനാ ഭാരവാഹികളോട് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി മോശമായി പെരുമാറിയെന്നും  പരാതിയില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവു മറികടന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ഫയലില്‍ എഴുതിയ വ്യവസായമന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നിര്‍ദേശം മറ്റ് ഉദ്യോഗസ്ഥര്‍ അനുസരിച്ചിട്ടില്ല. എന്നാല്‍, മന്ത്രിയുടെ നിര്‍ദേശപ്രകാരം ഹൈക്കോടതി വിധി റദ്ദ് ചെയ്യാന്‍ പഴുതുകള്‍ കണ്ടുപിടിക്കാന്‍ നിയമവകുപ്പിലേക്ക് ഫയല്‍ അയക്കുകയായിരുന്നു. അനുകൂല തീരുമാനം ഉണ്ടാവാതെ മടക്കിയ ഫയല്‍ വീണ്ടും മന്ത്രി നിയമവകുപ്പിലേക്കു തന്നെ അയച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന മീറ്റിങുകളിലും കമ്മിറ്റികളിലും മറ്റു പരിപാടികളിലും കേരള സ്റ്റേറ്റ് എസ്എംഇഒയുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാമെന്നും സംസ്ഥാനതലത്തില്‍ നടക്കുന്ന കമ്മിറ്റികളില്‍ പങ്കെടുപ്പിേക്കണ്ടെന്നും ഡയറക്ടറേറ്റില്‍ നിന്നു കത്ത് വാങ്ങുകയും ചെയ്തു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അഭിപ്രായം തേടി ഫയല്‍ അഡ്വക്കറ്റ് ജനറലിന് അയച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it