അട്ടിമറി പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

കൊച്ചി: റേഷന്‍ കടകളിലെ കരിഞ്ചന്ത തടയാന്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സമഗ്ര കംപ്യൂട്ടര്‍വല്‍ക്കരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മാര്‍ച്ച് 20നകം വിശദീകരണം നല്‍കണം. കേസ് ഏപ്രില്‍ അഞ്ചിന് പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ടെന്‍ഡര്‍ വിളിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും 250 കോടിയുടെ പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യവകുപ്പും കെല്‍ട്രോണും ചേര്‍ന്ന് പദ്ധതി അട്ടിമറിച്ചതായാണ് പരാതി. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതി ഇപ്പോഴും 22 റേഷന്‍ കടകളില്‍ പൈലറ്റ് പദ്ധതിയായി മാത്രം നടക്കുകയാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കി കഴിഞ്ഞു.
പദ്ധതി നടപ്പാക്കിയാല്‍ 14000 റേഷന്‍ കടകള്‍ ഓണ്‍ലൈനാവും. ഇതുവഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനാവും. മൊത്ത വിതരണ ശാലകളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടു പോവുന്ന വാഹനങ്ങള്‍ ജിപിഎസ് സംവിധാനത്തിലാവും. പദ്ധതി പൊളിക്കാന്‍ ഒരു വിഭാഗം റേഷന്‍ കടയുടമകള്‍ ശ്രമിച്ചു വരികയാണെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it