അട്ടിമറിക്കപ്പെടുന്നത് പ്രകടനപത്രിക

മധ്യമാര്‍ഗം - പരമു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വ്യക്തമായ പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണ്. മുന്നണിയുടെ നയവും പരിപാടിയും കാഴ്ചപ്പാടും പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അനേകം പരിപാടികള്‍ അടങ്ങിയതാണ്. പ്രകടനപത്രിക വായിച്ചിട്ടാണോ വോട്ട് ചെയ്തതെന്ന് ആര്‍ക്കും പറയാനാവില്ല. അതൊക്കെ ഓരോ വോട്ടറുടെയും ഇഷ്ടത്തിനനുസരിച്ചായിരിക്കും. എന്നാല്‍, ജയിക്കുന്ന മുന്നണിയും പാര്‍ട്ടിയും തങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചുവെന്നാണ് അവകാശപ്പെടാറുള്ളത്.
ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഇക്കുറിയും നേതാക്കള്‍ പത്രികയ്ക്കു ലഭിച്ച അംഗീകാരമായി പറഞ്ഞിട്ടുണ്ട്. മുന്നണിയിലെ പത്രികയിലെ ഒരു നയത്തെക്കുറിച്ച് പ്രതിപാദിക്കട്ടെ- മദ്യനയം. അനുഭവങ്ങളായ ഗുരുനാഥനെ മുന്‍നിര്‍ത്തിയാണ് ഈ നയം മുന്നണി എഴുതിച്ചേര്‍ത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മദ്യം ഒരു പ്രധാന വിഷയമായിരുന്നല്ലോ. ബാര്‍ കോഴ പ്രതിപക്ഷത്തിന്റെ മുഖ്യ സമരായുധവുമായിരുന്നു. അതുകൊണ്ടാവാം മുന്നണി മദ്യനയം ആവിഷ്‌കരിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയത്. മുന്നണി പ്രകടനപത്രികയിലെ മദ്യനയം ഇങ്ങനെയാണ്: കേരളത്തില്‍ മദ്യം ഗുരുതരമായ സാമൂഹികവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും മുന്നണി സ്വീകരിക്കുക. മദ്യവര്‍ജനത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കും. മദ്യവര്‍ജന സമിതികളും സര്‍ക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. ഈ മദ്യനയം തിരഞ്ഞെടുപ്പുവേളകളില്‍ വിശദീകരിച്ചിരുന്നു. പൊതുസമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും കുടുംബജീവിത തകര്‍ച്ചയ്ക്കും മദ്യം കാരണമാവുമെന്നും മദ്യപാനശീലം ജനങ്ങള്‍ ഉപേക്ഷിക്കണമെന്നും നേതാക്കള്‍ പ്രസംഗിച്ചിരുന്നു.
പിണറായി വിജയന്‍ സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ മദ്യശാലകള്‍ ഓരോന്നായി തുറക്കാന്‍ ചുരുങ്ങിയ കാലംകൊണ്ട് കഴിഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം മദ്യം സുലഭമായി ലഭിച്ചാല്‍ മാത്രമേ സാമൂഹികവിപത്ത് നേരാംവണ്ണം സര്‍ക്കാരിനു മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നത് വാസ്തവം. ബാറുകളും മദ്യവുമില്ലാതെ എന്തു സാമൂഹികവിപത്ത്! ചരിത്രത്തിലില്ലാത്തവിധം കാലവര്‍ഷക്കെടുതിയില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് മദ്യനയം പൊളിച്ചെഴുതാന്‍ സര്‍ക്കാരിനു നേരം കിട്ടിയത്. പ്രളയം, ദുരന്തം, നാശം, മരണം എന്നീ വിഷയങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണല്ലോ മദ്യം. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സംസ്ഥാനത്തു മദ്യം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്ന സത്യം സര്‍ക്കാര്‍ കണ്ടുപിടിച്ചിരുന്നു. നമുക്ക് ആവശ്യമായ അരി ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതു പോലെ മദ്യവും ഉല്‍പാദിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതോടെ മദ്യത്തിന്റെ കാര്യത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കും. അധികമുണ്ടെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും വിദേശത്തേക്കും കയറ്റിയയക്കാം.
അങ്ങനെയാണ് പ്രളയകാലത്ത് മദ്യം ഉല്‍പാദിപ്പിക്കാന്‍ നാലു മദ്യനിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ സാമൂഹികവിപത്തിനെ ആഭരണമണിയിച്ചത്. മദ്യോല്‍പാദന ശാലകള്‍ക്കുള്ള മൂന്ന് അപേക്ഷകള്‍ കൂടി പരിഗണനയിലാണെന്നും ഇനിയും അപേക്ഷകള്‍ വന്നാല്‍ പരിഗണിക്കുമെന്നും വകുപ്പു മന്ത്രി വെളിപ്പെടുത്തിയത് മദ്യപാനികള്‍ക്കും മദ്യക്കച്ചവടക്കാര്‍ക്കും മാത്രമല്ല, സംസ്ഥാനത്തിനാകെ ഗുണകരം തന്നെയാണ്. കൂടുതല്‍ ശാലകള്‍ വന്നാല്‍ കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാമല്ലോ. വ്യാജമദ്യത്തിന്റെ വരവ് തടയുകയും ചെയ്യാം. മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെയാണ് വകുപ്പു മന്ത്രി ഈ സുപ്രധാന തീരുമാനമെടുത്തതെന്നാണ് രേഖകളില്‍ കാണുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായ വകുപ്പു മന്ത്രിക്ക് പാര്‍ട്ടി വിട്ട് മറ്റൊരു ജീവിതമില്ല. കഴിഞ്ഞ 19 വര്‍ഷമായി മാറിമാറി വന്ന സര്‍ക്കാരുകളൊന്നും മദ്യനിര്‍മാണ ശാലകള്‍ അനുവദിച്ചിട്ടില്ല എന്നത് വലിയൊരു പോരായ്മയായി വകുപ്പു മന്ത്രി കരുതുന്നുണ്ടത്രേ. കെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ഒരു പാവം പയ്യന്റെ പേരില്‍ ഡിസ്റ്റിലറി അനുവദിച്ചപ്പോള്‍ എന്തൊക്കെ കോലാഹലങ്ങളാണ് ഇവിടെ അരങ്ങേറിയിരുന്നത്. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ സത്യപ്രതിജ്ഞാലംഘനം നടത്തി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം. മദ്യശാലകള്‍ക്കു വേണ്ടി പാവപ്പെട്ട പാര്‍ട്ടിയില്‍നിന്നുള്ളവര്‍ തന്നെ അപേക്ഷകരായി വന്ന സാഹചര്യത്തില്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആര്‍ക്കും അനുമതി നല്‍കരുതെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ 19 വര്‍ഷമായി പിന്തുടരുന്ന ഈ നയമാണ് മന്ത്രിസഭ പോലും അറിയാതെ മാറ്റിയത്. ഈ നടപടി വിവാദമായപ്പോള്‍ വകുപ്പു മന്ത്രിയും മുഖ്യമന്ത്രിയും ന്യായീകരണവുമായി പരസ്യമായി രംഗത്തുവന്നു. അവസാനം അനുമതി റദാക്കി. ഇതിനു പിന്നില്‍ വന്‍ അഴിമതിയാണ് ആരോപിക്കപ്പെടുന്നത്. പിണറായി സര്‍ക്കാരിനെതിരായ ആദ്യത്തെ വസ്തുനിഷ്ഠമായ അഴിമതിയാരോപണം. അഴിമതിക്കെതിരായി പോരാടി ഭരണം പിടിച്ചെടുത്ത മുന്നണി പ്രകടനപത്രിക നഗ്നമായി അട്ടിമറിച്ച് അഴിമതിക്കാരായി മാറുന്നത് ദുഃഖകരമാണ്. ി
Next Story

RELATED STORIES

Share it