palakkad local

അട്ടപ്പാടി മലയിടുക്കില്‍ രണ്ടേക്കര്‍ കഞ്ചാവ് കൃഷി കണ്ടെത്തി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ രണ്ടേക്കര്‍ കഞ്ചാവ് കൃഷി കണ്ടെത്തി. പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അട്ടപ്പാടിയിലെ ചെന്താമല പടിഞ്ഞാറു ഭാഗത്തുളള ചമ്മന്തിയാറിനു വടക്കു ഭാഗത്തു നടത്തിയ പരിശോധനയിലാണ് വിളവെടുപ്പിനു പാകമായ 500 ചെടികളും പല വലിപ്പത്തിലും പ്രായത്തിലുമുളള 564 ചെടികളും കണ്ടെത്തിയത്. ഈ അടുത്ത കാലത്തായി സംസ്ഥാനത്ത് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണിത്. വിപണിയില്‍ 50 ലക്ഷം രൂപ വരെ ഇവയ്ക്ക് വില വരും.
കഞ്ചാവില്‍ തന്നെ ഏറ്റവും മുന്തിയ ഇനമായ സങ്കരയിനം നീല ചടയന്‍ വിഭാഗത്തില്‍പെട്ടവയാണ് കണ്ടെത്തിയത്. എത്തിപ്പെടാന്‍ വളരെയേറെ ദുഷ്‌കരമായ മലയിടുക്കില്‍ രണ്ടേക്കറിലുളള കൃഷിക്ക് ചുറ്റും ചെറിയ ടെന്റുകള്‍ കെട്ടി കാവലിരിക്കുന്ന രീതിയിലാണ് ഇവ കണ്ടെത്തിയത്.
റെയ്ഡില്‍ പല എക്‌സൈസ് ജീവനക്കാര്‍ക്കും ചെറിയ തോതില്‍ പരുക്കേറ്റു. സംഭവത്തില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സ്‌ക്വാഡ് പാര്‍ട്ടി എത്തുന്നതിനു തൊട്ടു മുമ്പ് വരെ ഇവിടെ ആളുകള്‍ ഉണ്ടായിരുന്നതിന് തെളിവുകളുണ്ട്. എക്‌സൈസ് സംഘം വരുന്നതറിഞ്ഞ് പ്രതികള്‍ രക്ഷപെട്ടതാവാനാണ് സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു. ഒരു മാസത്തോളം മേഖലയിലെ ഊരുകളില്‍ നിന്നും രഹസ്യ വിവരം ശേഖരിച്ചാണു റെയ്ഡ് നടത്തിയത്.
ഇതിനു മുമ്പ് ഒരു തവണ പ്രദേശത്ത് എത്താന്‍ ശ്രമിച്ചെങ്കിലും ആന ശല്യം കാരണം തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. പാലക്കാട് അസി. എക്‌സൈസ് കമ്മിഷണര്‍ രാജ സിങിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജീവ്, പ്രിവന്റീവ് ഓഫിസര്‍മാരായ എം യൂനസ്, ലോതര്‍ പെരേര, അജിത് കുമാര്‍, സിവില്‍ ഓഫിസര്‍മാരായ പി ടി പ്രീജു, പി ബി  ജോണ്‍സണ്‍, ആര്‍ എസ് സുരേഷ്, വനിതാ ഓഫിസര്‍ എം സ്മിത, െ്രെഡവര്‍ പ്രദീപ് പങ്കെടുത്തു.
Next Story

RELATED STORIES

Share it