അട്ടപ്പാടി പട്ടിണി മരണം ഒഴിവാക്കാന്‍ കര്‍ശന സമീപനം വേണം: മന്ത്രി ബാലന്‍

പാലക്കാട്: അട്ടപ്പാടിയില്‍ പട്ടിണി മരണം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കര്‍ശനമായ സമീപനം ഉണ്ടാവണമെന്ന് മന്ത്രി എ കെ ബാലന്‍. മന്ത്രിയായി ചുമതലയേറ്റ് ആദ്യമായി അട്ടപ്പാടി മേഖല സന്ദര്‍ശിച്ച ശേഷം അഹാഡ്‌സില്‍ നടന്ന ജനകീയ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തന വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായുള്ള പോഷകാഹാര വിതരണം എത്താത്ത ഊരുകളില്‍ ആഹാരം എത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനത്തിന് ആവശ്യമുള്ളത്ര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും. നിലവില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തുവരുന്ന പോഷകാഹാരം അവരുടെ ഇഷ്ടത്തിനും രുചിക്കും അനുസരിച്ച് മാറ്റുമെന്നും ഐസിഡിഎസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഊരുകളിലെ പോഷകാഹാര വിതരണം, അവയുടെ ലഭ്യത എന്നിവ സംബന്ധിച്ച് വിലയിരുത്താന്‍ ഈ മാസം 15നും അവലോകന യോഗം ചേരും. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍, എംപി, എംഎല്‍എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം വിളിക്കും. പ്രദേശത്ത് നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തും. ആശുപത്രികളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it