അട്ടപ്പാടി: ക്ഷേമപദ്ധതികളുടെ ഗുണഫലം ആദിവാസികള്‍ക്ക് ലഭിച്ചോ എന്നു പരിശോധിക്കും

കൊച്ചി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ആദിവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലം അവര്‍ക്കു ലഭിച്ചോ എന്നു പരിശോധിക്കാന്‍ ജില്ലാ നിയമസഹായ അതോറിറ്റിയെ ഹൈക്കോടതി ചുമതലപ്പെടുത്തി. അതോറിറ്റി ചെയര്‍മാന്‍, സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രദേശം സന്ദര്‍ശിച്ച് പരിശോധിച്ച് ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കേണ്ടത്.
അട്ടപ്പാടിയില്‍ മധു എന്ന യുവാവ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് ഇന്നലെ കേസ് പരിഗണനയ്ക്ക് എടുത്തയുടന്‍ അമിക്കസ് ക്യൂറി പി ദീപക് വാദിച്ചു. പ്രശ്‌നപരിഹാരത്തിന് എന്താണ് ചെയ്യേണ്ടതെന്നു കോടതി ചോദിച്ചു. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ചു നടപ്പാക്കാന്‍ പ്രൊജക്ട് ഓഫിസറെ നിയമിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന ശുപാര്‍ശയെക്കുറിച്ച് സര്‍ക്കാര്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു.
സംരക്ഷിത വനം പദ്ധതിയുടെ ഭാഗമായി 517 കുടുംബങ്ങള്‍ക്ക് 483 ഏക്കര്‍ ഭൂമി നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും  അത് യാഥാര്‍ഥ്യമായോ എന്ന് ഉറപ്പില്ല. വിവിധ പദ്ധതികള്‍പ്രകാരം 2006-07 കാലയളവില്‍ 3,423 വീടുകള്‍ ആദിവാസികള്‍ക്ക് അനുവദിച്ചെങ്കിലും അതില്‍ 1,220 വീടുകള്‍ മാത്രമേ പൂര്‍ത്തിയായുള്ളൂവെന്നാണ് പറയുന്നത്. ഇതുതന്നെ പദ്ധതി നടത്തിപ്പുകളുടെ സ്വഭാവം വ്യക്തമാക്കുന്നതാണെന്നും അമിക്കസ് ക്യൂറി വാദിച്ചു. ഇത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ആദിവാസി ക്ഷേമപദ്ധതികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കി. ഈ പശ്ചാത്തലത്തില്‍ ഒരു ഓഡിറ്റിങ് അനിവാര്യമാണെന്ന് അമിക്കസ് ക്യൂറിയും പറഞ്ഞു. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഉദ്ദേശിച്ചവര്‍ക്കു ലഭിച്ചോ എന്ന കാര്യം പ്രധാനപ്പെട്ടതാണെന്ന് കോടതിയും നിലപാട് സ്വീകരിച്ചു.
Next Story

RELATED STORIES

Share it