palakkad local

അട്ടപ്പാടിയില്‍ മില്ലറ്റ് വില്ലേജ് മൂല്യവര്‍ധിത ഉല്‍പന്ന പദ്ധതിക്കു തുടക്കമായി

പാലക്കാട്: ആദിവാസികള്‍ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കാന്‍ അവര്‍ ശീലിച്ച ഭക്ഷണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് മന്ത്രി എ കെ ബാലന്‍. അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം അട്ടപ്പാടി അഗളി എവിഐപി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അതിന്റെ ഭാഗമായാണ് മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്.
മൂലനൊമ്പ്, കുറത്തിക്കല്ല്, വീട്ടിയൂര്‍, ചെമ്മണ്ണൂര്‍, ദോഡുഗട്ടി തുടങ്ങി ഊരുകളിലെ ഊരുമൂപ്പന്മാര്‍ക്ക് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നല്‍കിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആദിവാസി വിഭാഗങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത്  വിപണിയില്‍ എത്തിക്കും. ഇപ്പോള്‍ തുടങ്ങുന്ന  പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍  2000 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു.
വ്യക്തിഗത ആനൂകൂല്യങ്ങള്‍ മാത്രം വിതരണം ചെയ്തുകൊണ്ട്  അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ സുസ്ഥിര വികസനം നടപ്പാക്കാന്‍ കഴിയില്ലെന്നും ഭൂമി, കൃഷി, തൊഴില്‍, വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങി എല്ലാമേഖലകളിലും വികസനം സാധ്യമാക്കി മാത്രമേ ഇത് നേടാനാവൂ എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ  അക്കാദമിക യോഗ്യതയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും അതില്ലാത്തവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താന്‍ സഹായകമായ തൊഴിലും ഉറപ്പാക്കി സര്‍ക്കാര്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കും.  പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഇവിടെ ഭൂമിയില്ലാത്തത് 1600 കുടുംബങ്ങള്‍ക്ക് മാത്രമാണ്.
ഇതില്‍ 517 പേര്‍ക്ക് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഭൂമി ലഭ്യമാക്കി. 212 പേര്‍ക്ക് കൂടി അടുത്ത ദിവസങ്ങളില്‍ ഭൂമി നല്‍കും. ആദിവാസികള്‍ക്ക് അവകാശപ്പെട്ട  ഭൂമി ലഭ്യമാക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള തടസങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചുവരികയാണ്. അതോടെ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാകും. പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍  പഠിക്കുന്നിടങ്ങളിലെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. പഠന താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി.
ആദിവാസികള്‍ക്ക ്ഇടയില്‍ പരമാവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി 100 പേരെ പോലിസില്‍ നിയമിച്ചു. സംസ്ഥാനത്തെ ടി ടി സി, ബിഎഡ് പാസായ മുഴുവന്‍ പിന്നാക്ക വിഭാഗക്കാര്‍ക്കും അധ്യാപക നിയമനം നല്‍കും. ഇതോടെ ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ഭാഷാപരമായ പ്രശ്‌നം പരിഹരിക്കാനാവും. അട്ടപ്പാടിയിലെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ സ്വീകരിക്കുകയാണ്.
ഓണത്തിന് ഓണക്കിറ്റും ഓണക്കോടിയും നല്‍കും. 192 കമ്മ്യൂനിറ്റി കിച്ചനുകള്‍ നല്ലരീതിയില്‍  പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് അട്ടപ്പാടിയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആരോഗ്യ പരിശോധനകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരും ഉണ്ട്.  അട്ടപ്പാടിയുടെ കാര്യത്തില്‍ ഇത് എന്റെ വകുപ്പല്ല എന്ന് പറഞ്ഞൊഴിയുന്ന സമീപനം സര്‍ക്കാറിനില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it